ഇന്ത്യയിലേക്ക് വിലകുറഞ്ഞ റോബോട്ടുകള്‍ എത്തുന്നു; തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് ആശങ്ക

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഇനിയും വര്‍ധിക്കുമോ…? തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി യന്ത്രമനുഷ്യരെ തൊഴില്‍ രംഗത്ത് കൂടുതലായി ഉപയോഗിക്കാന്‍ കമ്പനികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

റോബോട്ടുകളുടെ നിര്‍മാണത്തിനും പരിപാലനത്തിനുമുള്ള ചെലവുകള്‍ കുറഞ്ഞതോടെയാണ് കമ്പനികള്‍ യന്ത്രമനുഷ്യരെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. റോബോട്ടുകള്‍ക്ക് വില കുറഞ്ഞതോടെ ഇടത്തരം കമ്പനികള്‍ക്കും ഇവയെ വാങ്ങാമെന്നായി. ഇതോടെ കമ്പനികള്‍ മനുഷ്യവിഭവശേഷി ഉപേക്ഷിച്ചുതുടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ ചുടുകട്ട നിര്‍മാതാക്കളായ വീനെബെര്‍ഗര്‍ പത്തുവര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് ചുവടുവയ്ച്ചിരുന്നു. 250 കോടിയാണ് ഇതിനായി ഇവര്‍ മുടക്കിയത്. വെസ്റ്റ് ബംഗളൂരുവിലെ കുനിഗല്‍ ഗ്രാമത്തില്‍ ഇതിനായി ഫാക്ടറിയും തുടങ്ങി. ഇപ്പോള്‍ 70,000 ചുടുകട്ടകളാണ് ദിവസവും ഇവിടെ് നിര്‍മിക്കുന്നത്. വീനെബെര്‍ഗറിന്റെ ചുടുകട്ട നിര്‍മാണ പ്ലാന്റിന് ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് റോബോട്ടുകളാണ്.

ഇന്ത്യന്‍ നിര്‍മാണ മേഖലയിലെ പുതിയ ട്രെന്‍ഡാണ് റോബോട്ടുകളെ തൊഴില്‍മേഖലയിലേക്ക് എത്തിക്കുകയെന്നത്. ഹ്യൂണ്ടായ്, മാരുതി അടക്കമുള്ള കമ്പനികളെല്ലാം റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. ഇത് വന്‍കിട ചെറുകിട മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണ്. കുറഞ്ഞ ചെലവില്‍ റോബോട്ടുകളെ ലഭ്യമാകുന്നതോടെ തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കാനാണ് സാധ്യത.

2017 ല്‍ നടത്തിയ പഠനങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ റോബോട്ടുകളുടെ വില കുറഞ്ഞതായി കണ്ടെത്തിയിരുന്നു. 2025 ഓടെ റോബോട്ടുകളുടെ വില 65 ശതമാനത്തോളം കുറയുമെന്ന് എആര്‍കെ ഇന്‍വെസ്റ്റ് നടത്തിയ പഠനത്തിലും പറയുന്നു. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ വര്‍ധിച്ചതോടെയാണ് ചൈന റോബോട്ടുകളുടെ നിര്‍മാണത്തിലേക്ക് കടന്നത്. ചൈനയില്‍ വര്‍ഷം 250000 റോബോട്ടുകളെ നിര്‍മിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. നിര്‍മാണം ഇനിയും വര്‍ധിപ്പിക്കുന്നതാണ് ചൈനയും ജപ്പാനും ശ്രമിക്കുന്നത്.

ചൈനീസ് വിപണിയില്‍ റോബോട്ടുകളുടെ വില കുറഞ്ഞതോടെ ഇന്ത്യയിലേക്കും ഇവ എത്തിത്തുടങ്ങി. ഒരു തവണ മുതല്‍മുടക്കിയാല്‍ അഞ്ചു മുതല്‍ ആറു വര്‍ഷം വരെ ഇവ പ്രവര്‍ത്തനക്ഷമമായിരിക്കും. 100 കോടിയുടെ വിറ്റുവരവുള്ള ഒരു കമ്പനിക്ക് 50 ലക്ഷം മാത്രം റോബോട്ടുകള്‍ക്കായി ചെലവഴിച്ചാല്‍ മതിയെന്നതാണ് ഇതിലെ ലാഭം.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റോബോട്ടിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2017 ല്‍ മാത്രം 3412 റോബോട്ടുകള്‍ ഇന്ത്യയില്‍ വിറ്റു. റോബോട്ടുകളുടെ വില്‍പ്പനയില്‍ 30 ശതമാനം വളര്‍ച്ചയാണിത്. റോബോട്ട് നിര്‍മാണ കമ്പനിയായ യൂണിവേഴ്‌സല്‍ റോബോട്ടിക്‌സ് 1000 റോബോട്ടുകള്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് 10,000 തൊഴിലാളികളും മൂന്ന് റോബോട്ടുകളും എന്നതാണ് ശരാശരി അനുപാതം. ലോകത്തെ മൊത്തം കണക്കെടുത്താല്‍ ഇത് 74 ഉം ഏറ്റവുമധികം റോബോട്ടുകളെ ഉപയോഗിക്കുന്ന ദക്ഷിണ കൊറിയയില്‍ ഇത് 631 ഉും ആണ്. നിലവില്‍ റോബോട്ടുകളെ സാധനങ്ങള്‍ എടുക്കുന്നതിനും വയ്ക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള റോബോട്ടുകളെ നിര്‍മിക്കാനാണ് കമ്പനികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എയറോലാബ്‌സ് റോബോട്ടുകളെ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്്. ഇതിനാല്‍ മറ്റു രാജ്യങ്ങളുമായി വിലയിലും ഗുണനിലവാരത്തിലും മത്സരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് എയറോലാബ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. ബാലകൃഷ്ണന്‍ പറയുന്നു. റോബോട്ടുകളെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നവയും ഭാരം കുറഞ്ഞവയായും നിര്‍മിക്കാന്‍ സാധിച്ചത് വലിയ മുന്നേറ്റമാണെന്ന് അദ്ദേഹം പറയുന്നു.

അതേസമയം യന്ത്രവത്കരണം വന്നതുമുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണ് തൊഴിലില്ലായ്മ വര്‍ധിക്കുമോ എന്നത്. റോബോട്ടുകള്‍ വരുന്നതോടെ തൊഴില്‍രീതിക്ക് മാറ്റമുണ്ടാകുമെന്നത് യാഥാര്‍ഥ്യമാണ്. ഇതോടെ മത്സരം കൂടുകയും സാമ്പദ്‌വ്യവസ്ഥയ്ക്ക് വളര്‍ച്ചയുമുണ്ടാകും. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും.

കടപ്പാട്: ബിസിനസ്‌ലൈന്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top