Advertisement

‘പാളിച്ചകൾ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ ഭീഷണിയുടെ സ്വരത്തിൽ തളർത്താനുള്ള ശ്രമങ്ങളോട് യോജിക്കാനാവില്ല’:ഷെയ്‌നെ പിന്തുണച്ച് സംവിധായകൻ പി ജി പ്രേംലാൽ

October 19, 2019
Google News 3 minutes Read

മുടി മുറിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നടൻ ഷെയ്ൻ നിഗമിനെ പിന്തുണച്ച് സംവിധായകൻ പി ജി പ്രേംലാൽ. പുതുതലമുറയിലെ ഏറ്റവും അധികം പ്രതീക്ഷകളുണർത്തുന്ന നടനാണ് ഷെയ്‌നെന്ന് പ്രേംലാൽ ഫേസ്ബുക്കിൽ കുറിച്ചു. പാളിച്ചകൾ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ ഭീഷണികളും അസഭ്യപ്രയോഗങ്ങളും കൊണ്ട് അങ്ങനെയൊരാളെ തളർത്താനുള്ള ശ്രമങ്ങളോട് ഒരുതരത്തിലും യോജിക്കാനാവില്ലെന്ന് പ്രേംലാൽ പറഞ്ഞു. ഷെയ്‌ന്റെ പിതാവും നടനുമായ അബിയുമായുള്ള അനുഭവവും പ്രേംലാൽ പങ്കുവച്ചു. അബീക്കയിൽ കണ്ട സൗമ്യതയും വിനയവും ഷെയ്ൻ നിഗമിലും കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും പ്രേംലാൽ കുറിച്ചു.

സിനിമയിൽ ഒരു നടൻ സിനിമയ്ക്ക് കൊടുത്ത ഡേറ്റ് മാറിപ്പോകുന്നത് മലയാള സിനിമയിൽ ഇതാദ്യമായിട്ടല്ല. ഇന്നത്തെ സീനിയറും ജൂനിയറുമൊക്കെയായിട്ടുള്ള താരങ്ങളുടെ ആദ്യകാല സിനിമകളിൽ പലതിന്റെയും നിർമ്മാതാക്കൾക്കും സംവിധായകർക്കും പ്രൊഡക്ഷൻ കൺട്രോളർമാർക്കുമൊക്കെ അങ്ങനെ നിരവധി കഥകൾ പറയാനുണ്ടാകും. അത്തരം പല അനുഭവങ്ങളും തലമുതിർന്ന ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് നേരിട്ട് കേട്ടിട്ടുള്ള അനുഭവമുണ്ട്. അക്കാലത്ത് ഈ സോഷ്യൽ മീഡിയയൊന്നും ഇല്ലാതിരുന്നതുകൊണ്ട് സംഗതികൾ നാടാകെ പരക്കുംവിധം ‘വൈറൽ’ ആയിരുന്നില്ലെന്ന് മാത്രം. ചർച്ചകളിലൂടെ പരിഹരിക്കപ്പെട്ടുപോകുന്നതുകൊണ്ട് ആരും അറിയാത്തതാണെന്നും പ്രേംലാൽ പറയുന്നു.

സിനിമ ഒരുപാട് മനുഷ്യർ, ആത്മാഭിമാനവും ഈഗോയുമൊക്കെയുള്ള മനുഷ്യർ എന്ന് എടുത്തു പറയണം, കൂട്ടായി പ്രവർത്തിക്കുന്ന ഒരു മേഖലയാണ്. അവിടെ ഭീഷണിപ്രയോഗങ്ങളും വെല്ലുവിളികളും അസഭ്യവർഷവുമൊക്കെ അംഗീകരിക്കാവുന്ന കാര്യങ്ങളല്ലെന്നും പ്രേംലാൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു 18-19 വർഷം മുമ്പത്തെ കാര്യമാണ്. പരസ്യചിത്രങ്ങൾ ചെയ്യുന്ന കാലം. ഒരു പ്ലാസ്റ്റിക് കമ്പനിയുടെയും കറി പൗഡറിന്റെയും ജ്വല്ലറിയുടെയും 3 പരസ്യങ്ങൾ ഒരുമിച്ച് ചെയ്യേണ്ടി വന്നു. പ്രശസ്ത ഛായാഗ്രാഹകനായ ജ. സുകുമാറാണ് ക്യാമറ ചെയ്യുന്നത്. ഒരു പരസ്യത്തിൽ അബിക്ക (അബി) അഭിനയിക്കുന്നുണ്ടായിരുന്നു.ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുകയാണ്.

നടന്നുകൊണ്ടിരിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊടുത്തിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് അബിക്ക ഫോണിൽ മുമ്പേ എന്നോടു പറഞ്ഞിരുന്നു.വൈകുന്നേരം 4 മണിയോടെ ഫ്രീയാക്കിവിടാം എന്നു ഞാൻ പുള്ളിയോട് വാക്കും കൊടുത്തിരുന്നു. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാൽ ഷൂട്ട് പാതിരാ വരെ നീളുമെന്ന് ഉറപ്പായി. രാത്രിയിൽ കോമ്പിനേഷൻ സീൻ ഷൂട്ട് ചെയ്യാനുള്ള സിനിമയുടെ സെറ്റിൽ നിന്ന് അബിക്കയ്ക്ക് വിളി വന്നു തുടങ്ങി.

ഓരോ തവണ ഫോൺ വരുമ്പോഴും പുള്ളിക്കാരൻ വേവലാതിയോടെ എന്റെയടുത്തു വരും. ”എന്തായി ഭായ്’ എന്നു ചോദിക്കും.ഞാൻ ‘ഇപ്പശരിയാക്കിത്തരാ’ ടോണിൽ മറുപടിയും പറയും.ഒരു പ്രാവശ്യം പുള്ളി ഫോൺ എന്റെയടുത്ത് കൊണ്ടുവന്നു നീട്ടിയിട്ട് പറഞ്ഞു, ‘ഭായ് ഒന്നു സംസാരിക്ക്’. ഞാൻ ഫോൺ വാങ്ങി ‘രണ്ടുമൂന്നു മണിക്കൂർ കൂടി വേണമല്ലോ’ എന്ന് പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, അപ്പുറത്തെ നീരസം നിറഞ്ഞ വാക്കുകളെ പ്രതിരോധിക്കുക എളുപ്പമായിരുന്നില്ല. അതു മനസ്സിലാക്കി,അബിക്ക എന്റെ കയ്യിൽ നിന്നു ഫോൺ വാങ്ങി.

‘ചേട്ടാ… ഇതൊരു പരസ്യമാണ്.ഇവർക്ക് ഇത് ഇന്നു തന്നെ തീർക്കേണ്ടതാണ്.. ഒരു രണ്ടു മണിക്കൂർ കൂടി..(എന്നെ നോക്കിയ അബിക്കയോട് ഞാൻ ‘ ഓക്കെ’ എന്ന് തലയാട്ടി)…രണ്ടു മണിക്കൂറിനകം ഇവിടന്നു പുറപ്പെടാം.അവിടെയെത്തിയിട്ട് രാത്രി എത്ര നേരം വേണമെങ്കിലും ഞാൻ വർക്കു ചെയ്‌തോളാം.’ എന്നു പറഞ്ഞ് അബിക്ക കോമ്പിനേഷൻ സീനുള്ള നടനോടു കൂടിയും സംസാരിച്ച് കാര്യങ്ങൾക്ക് തീർപ്പാക്കി. ഒന്നര മണിക്കൂറിനുള്ളിൽ ഷൂട്ട് തീർന്നു. പോകാൻ നേരം ഞാൻ അബിക്കയെ കെട്ടിപ്പിടിച്ച് ‘താങ്ക്‌സ്’ പറഞ്ഞു. ‘ഓ..അതൊക്കെ അങ്ങനെ കെടക്കും, ഭായ് ‘ എന്ന് നിറചിരിയോടെ പറഞ്ഞ് പുള്ളിക്കാരൻ പോയി.

ഒരാഴ്ച കഴിഞ്ഞ് എറണാകുളത്ത് റിയാൻ സ്റ്റുഡിയോയിൽ ഡബ്ബിംഗ് നടക്കുന്നു. രാത്രി ഒരു 11 മണിയോടെ തന്റെ ഭാഗം ഡബ്ബ് ചെയ്ത് അബിക്ക മടങ്ങി. പുള്ളി അഭിനയിക്കാത്ത മറ്റൊരു പരസ്യത്തിന്റെ ബ്രാൻഡ് അനൗൺസ്‌മെന്റ് കൂടി റെക്കോർഡുചെയ്തു തീർക്കാനുണ്ടായിരുന്നു. അതിന് ശബ്ദം കൊടുക്കേണ്ട ആൾ അപ്പോഴും എത്തിച്ചേർന്നിരുന്നില്ല. വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. പിറ്റേന്ന് പുലർച്ചെ ,എനിക്ക് മദ്രാസിലേയ്ക്ക് പോകേണ്ടതുമുണ്ട്. ‘വേറെയാരെ വിളിക്കും’ എന്ന് ഞാൻ സൗണ്ട് എഞ്ചിനീയറോട് ചോദിച്ചു. സമയം രാത്രി 12 മണിയാണ്, ഈ നേരത്ത് ആരു വരുമെന്ന് പുള്ളി സന്ദേഹിച്ചു. എന്തോ ഒരു തോന്നലിൽ ഞാൻ അബിക്കയെ വിളിച്ചു. കാര്യം കേട്ടുകഴിഞ്ഞ് പുള്ളി പറഞ്ഞു, ‘ഞാൻ കുറച്ചു ദൂരമിങ്ങു പോന്നു. ഒരു അര മണിക്കൂറെടുക്കും അങ്ങോട്ടെത്താൻ. ഓക്കെയാണോ?’. ആ പാതിരാത്രിയിൽ അബിക്ക വീണ്ടുമെത്തി. രണ്ടുവരി വാചകം ഡബ്ബ് ചെയ്തു. മടങ്ങുമ്പോൾ ഞാൻ വീണ്ടും കെട്ടിപ്പിടിച്ചു, ‘താങ്ക്‌സി’ൽ കുളിപ്പിച്ചു. ‘ഓ.. ഇതിനൊക്കെ ഇപ്പൊ എന്താ ഭായ്..’എന്ന് അബിക്ക ചിരിച്ചു.

അന്ന് അബിക്കയിൽ കണ്ട ആ സൗമ്യതയും വിനയവും ഷെയ്ൻ നിഗമിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. പുതുതലമുറയിലെ , ഏറ്റവുംവലിയ പ്രതീക്ഷകളുണർത്തുന്ന ഒരു ചെറുപ്പക്കാരൻ..! പാളിച്ചകൾ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ, ഭീഷണികളും അസഭ്യപ്രയോഗങ്ങളും കൊണ്ട് അങ്ങനെയൊരാളെ തളർത്താനുള്ള ശ്രമങ്ങളോട് ഒരുതരത്തിലും യോജിക്കാനാവില്ല.

ഒരു കാര്യം എല്ലാവരും മനസ്സിലാക്കേണ്ടതുമുണ്ട്. സിനിമയിൽ ഒരു നടൻ ഒരു സിനിമയ്ക്ക് കൊടുത്ത ഡേറ്റ് മാറിപ്പോകുന്നത് മലയാളസിനിമയിൽ ഇതാദ്യമായിട്ടല്ല. ഇന്നത്തെ സീനിയറും ജൂനിയറുമൊക്കെയായിട്ടുള്ള താരങ്ങളുടെ ആദ്യകാല സിനിമകളിൽ പലതിന്റെയും നിർമ്മാതാക്കൾക്കും സംവിധായകർക്കും പ്രൊഡക്ഷൻ കൺട്രോളർമാർക്കുമൊക്കെ അങ്ങനെ എത്രയെത്ര കഥകൾ പറയാനുണ്ടാകും അത്തരം പല അനുഭവങ്ങളും തലമുതിർന്ന ചലച്ചിത്രപ്രവർത്തകരിൽ നിന്നു നേരിട്ടുകേട്ടിട്ടുള്ള അനുഭവമുണ്ട്.അക്കാലത്ത് ഈ സോഷ്യൽ മീഡിയയൊന്നും ഇല്ലാതിരുന്നതുകൊണ്ട് സംഗതികൾ നാടാകെ പരക്കുംവിധം ‘വൈറൽ’ ആയിരുന്നില്ലെന്നു മാത്രം. എന്തിന്, ഇപ്പോൾപ്പോലും അങ്ങനെയൊക്കെ നടക്കുന്നില്ലെന്ന് കരുതുന്നുണ്ടോ? അതൊക്കെ സീനാക്കി ചളമാക്കാതെ, ചർച്ചകളിലൂടെ പരിഹരിക്കപ്പെട്ടുപോകുന്നതുകൊണ്ട് ആരും അറിയുന്നില്ലന്നേ ഉള്ളൂ.

സിനിമ ഒരുപാടു മനുഷ്യർ, ആത്മാഭിമാനവും ഈഗോയുമൊക്കെയുള്ള മനുഷ്യർ എന്ന് എടുത്തു പറയണം, കൂട്ടായി പ്രവർത്തിക്കുന്ന ഒരു മേഖലയാണ്. അവിടെ ഭീഷണിപ്രയോഗങ്ങളും വെല്ലുവിളികളും അസഭ്യവർഷവുമൊക്കെ അംഗീകരിക്കാവുന്ന കാര്യങ്ങളേയല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here