ജെയ്ക് സി തോമസ് വിവാഹിതനായി

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെ, അതിലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകൾ. ചെങ്ങളം സ്വദേശി ഗീതു തോമസാണ് വധു.
സിപിഐഎം ജില്ല സെക്രട്ടറി വി എൻ വാസവൻ ഇരുവരുടെയും ബന്ധുക്കളെ വേദിയിലേക്ക് ക്ഷണിച്ചു സ്വാഗതം പറഞ്ഞു. മാതാപിതാക്കൾ എടുത്ത് നൽകിയ ചുവന്ന ഹാരം പരസ്പരം ചാർത്തി ലളിതമായ വിവാഹചടങ്ങ് അഞ്ച് മിനിറ്റിനുളളിൽ അവസാനിച്ചു. തുടർന്ന് അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്ക് പീസും നൽകി. ഏറ്റുമാനൂർ ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
എസ്എഫ്ഐ പ്രവർത്തനത്തിലൂടെ ഉയർന്നുവന്ന ജെയ്ക് 2016ൽ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 2016 മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ച് ജെയ്ക് പരാജയപ്പെട്ടിരുന്നു. 2016 ലെ തെരഞ്ഞടുപ്പിൽ മത്സരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ജെയ്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here