ഹിന്ദു മഹാസഭാ നേതാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നാണ് മൂന്നു പേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരിൽ ഒരു മുസ്ലിം പുരോഹിതനും ഉൾപ്പെടുന്നു. ആക്രമണത്തിൽ പങ്കുള്ളതായി കരുതുന്ന രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മൗലാന മൊഹ്സിൻ ഷെയ്ഖ്, ഫൈസാൻ, ഖുർഷിദ് അഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഹിന്ദു മഹാസഭാ നേതാവായിരുന്ന കമലേഷ് തിവാരി 2015 ൽ നടത്തിയ വിദ്വേഷ പ്രസംഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഡിജിപി ഒ പി സിങ് അറിയിച്ചത്. വ്യക്തമായ ആസൂത്രണം നടത്തിയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം ലഭിച്ചതെന്നും ഡിജിപി പറഞ്ഞു. കൊലയാളികൾക്ക് ആഗോള ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവില്ലെന്നും ഡിജിപി പറഞ്ഞു.

2015 ൽ മുഹമ്മദ് നബിയ്ക്കെതിരെ കമലേഷ് തിവാരി നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് എൻഎസ്എ നിയമം ചുമത്തി തിവാരി അറസ്റ്റിലായി. സമീപകാലത്ത് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് കേസിൽ എൻഎസ്എ റദ്ദാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top