മണ്ഡലങ്ങളെ ആവേശത്തിലാക്കി കൊട്ടിക്കലാശം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ പ്രചാരണത്തിന് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണം. അണികളെയും പ്രവര്‍ത്തകരെയും ആവേശത്തിലാക്കിയായിരുന്നു മണ്ഡലങ്ങളിലെ കൊട്ടിക്കലാശം.

കനത്ത മഴയ്ക്കിടയിലും ആവേശത്തില്‍ കോന്നി

വിശ്വാസികളുടെയും സാമുദായിക സംഘടനകളുടെയും പിന്തുണ തങ്ങള്‍ക്കാണെന്ന മുന്നണികളുടെ അവകാശ വാദത്തിനിടെയാണ് നഗരത്തെ ഇളക്കി മറിച്ച കൊട്ടിക്കലാശത്തിനാണ് കോന്നി സാക്ഷ്യം വഹിച്ചത്. 3.30 ഓടെ കോന്നി കവല പ്രവര്‍ത്തകര്‍ പിടിച്ചടക്കി. പ്രകടനത്തിനൊപ്പം സ്ഥാനാര്‍ഥികള്‍ കൂടി എത്തിയതോടെ ആവേശം പതിന്മടങ്ങായി. എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പോസ്റ്റ് ഓഫീസ് റോഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജലീഷ് കുമാര്‍ ചന്തക്കവല റോഡിലും യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ് ആനക്കോട് റോഡിലൂമാണ് അണിനിരന്നത്.
ഇതിനിടെ എത്തിയ പെരുമഴയ്ക്ക് പ്രവര്‍ത്തകരുടെ ആവേശത്തെ തെല്ലും കുറയ്ക്കാന്‍ സാധിച്ചില്ല. ഇതിനിടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തികള്‍ അവസാനിച്ചില്ലെന്ന സൂചന നല്‍കി അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന്റെ കൊട്ടിക്കലാശ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. വിഭാഗിയത വോട്ടിലും പ്രതിഫലിച്ചേക്കുമെന്ന് വ്യക്തമാക്കുന്നതാണ് കോന്നിയിലെ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നിട്ടും പരിപാടിക്കെത്താത്ത അടൂര്‍ പ്രകാശിന്റെ നടപടി. സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് ഉയര്‍ത്തിക്കാട്ടിയ റോബിന്‍ പീറ്ററും കൊട്ടിക്കലാശ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. നിയന്ത്രണം ഭേദിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതുവരെയുള്ള പ്രചാരണത്തില്‍ വിട്ടുപോയ പ്രധാന വ്യക്തികളെ കേന്ദ്രീകരിച്ചാകും നാളെ മുന്നണി സ്ഥാനാര്‍ഥികള്‍ വോട്ട് തേടുക.

ആവേശത്തേരില്‍ അരൂര്‍

സ്ഥാനാര്‍ഥികള്‍ മൂന്നും മൂന്ന് ഇടങ്ങളിലായാണ് അരൂരില്‍ കലാശക്കൊട്ടില്‍ പങ്കെടുത്തത്. ആവേശം ഒട്ടും ചോരാതെയായിരുന്നു അരൂരിലെ കൊട്ടിക്കലാശം. ഇടത് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ അരൂരിലും യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവും തുറവൂരിലുമാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്.
ഉച്ച കഴിഞ്ഞപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തുറവൂരിലേക്കും അരൂരിലേക്കും ഒഴുകിയെത്തി. പിന്നീട് കൊട്ടും പാട്ടും ഗാനങ്ങളുമായി കൊട്ടിക്കലാശം കത്തിക്കയറി. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമാണെന്നിരിക്കെ രാവിലെ മുതല്‍ റോഡ് ഷോ ഉള്‍പ്പെടെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓട്ടപ്രദക്ഷിണം നടത്തിയാണ് കൊട്ടിക്കലാശത്തിനായി മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളും എത്തിയത്.
മുന്നണികളുടെ എല്ലാ കണക്കുകൂട്ടലുകളും പ്രതീക്ഷകളും അര്‍പ്പിച്ചുള്ള അരൂരിലെ കൊട്ടിക്കലാശം സമാപിക്കുമ്പോള്‍ ആര് മുന്നിലെന്ന് പറയുന്നത് പ്രവചനാതീതമാണ്.

തിളച്ചുമറിഞ്ഞ് വട്ടിയൂര്‍ക്കാവ്

പേരൂര്‍ക്കടയിലും മണ്ഡലത്തിലെ മറ്റു കേന്ദ്രങ്ങളിലും നടന്ന കൊട്ടിക്കലാശത്തില്‍ സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും കൂടി എത്തിച്ചേര്‍ന്നതോടെ അണികളുടെ ആവേശവും അണപൊട്ടി. പ്രചാരണ രംഗത്തെ ആവേശച്ചൂട് വാനോളം കുതിച്ചുയരുന്ന കാഴ്ചയാണ് കലാശ കൊട്ടിലും പ്രകടമായത്. സ്ഥാനാര്‍ഥികളുടെ മുഖം മൂടികളും കൊടിതോരണങ്ങളും ഫ്‌ളക്്‌സ് ബോര്‍ഡുകളുമായി പ്രവര്‍ത്തകര്‍ തെരുവ് കീഴടക്കി. മുതിര്‍ന്ന നേതാക്കളുടെയും ചലച്ചിത്ര താരങ്ങളുടെയും അകമ്പടിയോടെ സ്ഥാനാര്‍ത്ഥികള്‍ കൂടി എത്തിയതോടെ ആവേശം അണപൊട്ടി.

ആവേശമുയര്‍ത്തി മഞ്ചേശ്വരം

പരമാവധി പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ മൂന്നു മുന്നണികളും ശ്രമിച്ചതോടെ ആവേശത്തിലായി മഞ്ചേശ്വരം. റോഡ് ഷോകളും ശക്തിപ്രകടനവുമായാണ് പരസ്യ പ്രചാരണം അവസാനിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രധാന നേതാക്കളെയും അണിനിരത്തിയായിരുന്നു കൊട്ടിക്കലാശം. ഒരു മാസം നീണ്ട പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടി കയറി.മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിലാണ് കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചത്. കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു.

വ്യത്യസ്തമായി എറണാകുളം

എറണാകുളം മണ്ഡലത്തില്‍ പതിവില്‍ നിന്ന് വിഭിന്നമായ തെരഞ്ഞെടുപ്പ് ആവേശമാണ് കൊട്ടിക്കാശത്തില്‍ ദൃശ്യമായത്. ശക്തികേന്ദ്രമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ 1998 – ലെ അട്ടിമറി ജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. അവസാന ലാപില്‍ പ്രചാരണ രംഗത്തെ മികവ് പ്രകടമാക്കാനുള്ള മത്സരത്തിലായിരുന്നു മുന്നണികള്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ നോര്‍ത്തിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കലൂരിലുമാണ് കൊട്ടിക്കലാശത്തിനായി കേന്ദ്രീകരിച്ചത്. പരമ്പരാഗത കോട്ടയെന്ന വിശേഷണമുള്ള മണ്ഡലത്തില്‍ ഇക്കുറിയും ജയിച്ചു കയറാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ എറണാകുളത്ത് മറ്റൊരു പാല പ്രതീക്ഷിക്കുന്നുണ്ട് എല്‍ഡിഎഫ്. പ്രചാരണത്തിലെ ആവേശവും പ്രവര്‍ത്തക പങ്കാളിത്തവും ഇതിന്റെ തെളിവായി. അതേസമയം മണ്ഡല ചരിത്രത്തിലെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More