ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ട സംഭവം; ബംഗ്ലാദേശിന് മേൽ സമ്മർദം ശക്തമാക്കി ഇന്ത്യ

ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ട വിഷയത്തിൽ ബംഗ്ലാദേശിന് മേൽ സമ്മർദം ശക്തമാക്കി ഇന്ത്യ. ബിഎസ്എഫ് സംഘത്തിനു നേരെ വെടിവച്ച ബംഗ്ലാദേശ്
ജവാൻ സയ്യദിനെതിരെ ബംഗാളിലെ മുർഷിദാബാദ് പൊലീസ് കേസെടുത്തു.

അതേസമയം, ബിഎസ്എഫ് ജവാന്റെ മരണത്തിൽ കലാശിച്ച വെടിവയ്പ് മനഃപൂർവമായിരുന്നില്ലെന്നും സ്വയരക്ഷക്കായി നടത്തിയതാണെന്നും ബംഗ്ലാദേശ് അതിർത്തി സേനയുടെ വാദം.

അതിർത്തിയിൽ കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വെടിവയ്പ്പിൽ വിജയ് ഭാൻ സിങ് എന്ന ജവാൻ മരിച്ച സംഭവത്തിൽ വിട്ട് വീഴ്ച ഇല്ലെന്ന സമീപനത്തിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യ. വെടിയുതിർത്ത ബംഗ്ലാദേശ് അതിർത്തി രക്ഷാ സേനയായ ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശ് ഭടൻ സയ്യദിനെതിരെ ക്രിമിനൽ നടപറ്റി ചട്ടം അനുസരിച്ചുള്ള നടപടി ഉണ്ടാകണം എന്നാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യത്തിൽ ബംഗ്ലാദേശിനെ സമ്മർദത്തിലാക്കി ബംഗാളിലെ മൂർഷിദാബാദ് പൊലീസ് കേസേടുത്തു. വിഷയത്തിൽ ബിഎസ്എഫിനെ കുറ്റപ്പെടുത്താനാണ് ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയുടെ ശ്രമം. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ബിജിബി, ബിഎസ്എഫിനെ രൂക്ഷമായി വിമർശിക്കുന്നു. അതിർത്തി ലംഘിച്ചതിന് പിടിയിലായ ഇന്ത്യൻ മീൻപിടിത്തക്കാരനെ ബലമായി മോചിപ്പിക്കാനായി ബിഎസ്എഫ് സമുദ്രാതിർത്ഥി ലംഘിച്ചു എന്നാണ് പ്രധാന ആരോപണം. അതിക്രമിച്ചു കയറിയ ബിഎസ്എഫ് ജവാൻമാരാണ് തങ്ങൾക്കു നേരെ ആദ്യം വെടിവച്ചതെന്നും ബംഗ്ലാദേശ് അതിർത്തി രക്ഷാസേന വിശദീകരിക്കുന്നു. സ്വയരക്ഷാർഥം ആണ് തിരിച്ചു വെടിഉതിർത്തത്.

എന്നാൽ, ബംഗ്ലദേശ് സേനയുടെ വാദങ്ങൾ ബിഎസ്എഫ് തള്ളി. അതിക്രമിച്ച് ഒരു പ്രദേശത്തും കടക്കുന്നത് ബിഎസ്എഫിന്റെ ശൈലി അല്ലെന്നും തങ്ങൾ വെടിവച്ചിട്ടില്ലെന്നും ബിഎസ്എഫ് വ്യക്തമാക്കി. മീൻപിടിത്തക്കാരന്റെ മോചനത്തിനായുള്ള സേനാതല ചർച്ചക്കായാണ് ബിജിബിയെ സമീപിച്ചത്. മടങ്ങുമ്പോൾ പ്രകോപനമില്ലാതെ അവർ വെടിവക്കുകയായിരുന്നു. വിഷയത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുകയാണ് ബംഗ്ലാദേശ് ഇപ്പോൾ. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിക്കുമെന്ന് ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാനും വ്യക്തമാക്കി. പിടിയിലായ മീൻപിടിത്തക്കാരനെ ചട്ടങ്ങളനുസരിച്ച് മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സംഭവം നിർഭാഗ്യകരമാണെന്നും ഒരു സാഹചര്യത്തിലും ഇന്ത്യ ബംഗ്ലാദേശ് വിഷയത്തെ ഇത് ബാധിക്കാൻ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് സർക്കാരും മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top