കൊച്ചിയെ വെള്ളക്കെട്ടില്‍ നിന്ന് രക്ഷിക്കാന്‍ ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’

വെള്ളക്കെട്ടിലായ കൊച്ചി നഗരത്തിന് ആശ്വാസമായി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നഗരത്തിലെവെള്ളക്കെട്ടിന് അടിയന്തര പരിഹാരമൊരുങ്ങുന്നത്. ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കിയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കുന്നത്. കലൂര്‍ സബ് സ്റ്റേഷനിലായിരുന്നു ആദ്യ ദൗത്യം. രാത്രിതന്നെ ഓടകള്‍ തുറന്ന് വെള്ളക്കെട്ട് ഒഴുക്കിക്കളയാനാണ് പദ്ധതി. ഫയര്‍ ഫോഴ്സ്, പൊലീസ്, ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്‍ കളക്ടര്‍ നേരിട്ട് നേതൃത്വം നല്‍കും.

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. നഗരസഭയെ കാത്തിരിക്കാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം നല്‍കിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

നഗരസഭയ്ക്ക് കാര്യക്ഷമമായി വിഷയത്തില്‍ ഇടപെടുന്നതിന് സാധിച്ചിരുന്നില്ല. തുലാവര്‍ഷം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനാല്‍ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കേണ്ടത് ആവശ്യമാണ്. ട്രെയിന്‍ സര്‍വീസും മുടങ്ങുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top