Advertisement

കനത്ത മഴ; കുട്ടനാട്ടിൽ വ്യാപക കൃഷി നാശം

October 21, 2019
Google News 0 minutes Read

കനത്തമഴയിൽ കുട്ടനാട്ടിൽ മടവീണ് വ്യാപക കൃഷിനാശം. 5 പാടശേഖരങ്ങളിലാണ് മടവീണ് ഏക്കറ് കണക്കിന് നെൽക്കൃഷി നശിച്ചത്. അതിനിടെ മഴ വീണ്ടും തുടരുകയാണെങ്കിൽ കുട്ടനാട്ടിന്റെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലാകുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.

കാവാലം കൃഷിഭവൻ പരിധിയിലെ രാമരാജപുരം, മംഗലം മാണിക്യ മംഗലം, മണിയങ്കരി, നീലംപേരൂർ കൃഷിഭവനിലെ കിളിയങ്കാവ് വടക്ക്, ചമ്പക്കുളം കൃഷിഭവനിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം എന്നീ പാടശേരങ്ങളിലാണ് മട വീണത്. എല്ലാ പാടശേഖരങ്ങളിലും പുഞ്ചക്കൃഷി ഒരുക്കത്തിനിടെയാണ് മടവീഴ്ച്ചയുണ്ടായത്.

പൊന്നാട്, പെരുന്തുരുത്ത്, കരി പാടശേഖരത്തിൽ മാത്രം വിളവെടുക്കുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് 200 ഏക്കറോളം വരുന്ന നെൽകൃഷി പൂർണമായും നശിച്ചത്.വൻതുക മുടക്കി കൃഷിയിറക്കിയ കർഷകർക്ക് പ്രതികൂല കാലാവസ്ഥ വൻ തിരിച്ചടിയായിരിക്കുകയാണ്.

അതിനിടെ മട വീഴ്ച്ചയെ തുടർന്ന് പാടത്ത് വെള്ളം ക്രമാതീതമായി വർധിച്ച് കൊണ്ടിരിക്കുന്നത് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ വിളവെടുക്കാൻ പാകമായ നെല്ല് ആയതിനാൽ കിളിർത്തു അടുത്ത തവണ നിലമൊരുക്കൽ കൂടുതൽ ശ്രമകരമായിരിക്കും എന്നും കർഷകർ പറയുന്നു.

1400 ഏക്കർ വിസ്തൃതിയുള്ള രാമരാജപുരത്താന്റെ നാലായിരം ബ്ലോക്കിന്റെ തെക്കേ ചിറയിലും ആയിര അഞ്ഞൂറ് ബ്ലോക്കിലെ പെട്ടി മടയുമാണ് ശക്തമായ വെള്ളം വരവിൽ പൊട്ടിയത്. ഒപ്പം 272 ഏക്കർ വിസ്തൃതിയുള്ള കിളിയങ്കാവ് വടക്ക് പാടശേഖരത്തിൽ വടക്കേ ഷട്ടർ തകർന്നും മടവീഴ്ച്ചയുണ്ടായി. തുടർന്നുള്ള ദിവസങ്ങളിലും ഇടുക്കിയും പത്തനംതിട്ടയുമടക്കമുള്ള ജില്ലകളിൽ മഴ തുടരുകയാണെങ്കിൽ കുട്ടനാട്ടിൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാകും. മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായ വേലിയേറ്റവുമാണ് കുട്ടനാടൻ പാടശേഖരങ്ങൾക്ക് ഭീഷണിയായിരിക്കുന്നത്. കൂടാതെ മഴ കനക്കുന്ന സാഹചര്യത്തിൽ പുറംബണ്ടുകൾ കവിഞ്ഞ് വെള്ളം കയറുന്നതും കുട്ടനാട്ടിലെ നെൽകർഷകർക്ക് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here