‘ഈ കൊണ്ടുപോകുന്ന കാശിന് നിന്റെ ഉയിരിന്റെ വിലയുണ്ട്’; ഒരു കടത്ത് നാടൻ കഥ ട്രെയിലർ പുറത്ത്

നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ‘ഒരു കടത്ത് നാടൻ കഥയുടെ ട്രെയിലർ പുറത്ത്. നവാഗതനായ പീറ്റർ സാജനാണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
റിതേഷ് കണ്ണനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹീൻ സിദ്ദിഖിനൊപ്പം പ്രദീപ് റാവത്ത് , സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് തടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Read Also : ‘ഒരു കടത്ത് നാടൻ കഥ’ ഒക്ടോബർ 25ന് തിയേറ്ററുകളിലേക്ക്
എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ജീവിതത്തിലെ സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രം ഷാനുവിന്റെ ഉമ്മയ്ക്ക് ഒരു അപകടം ഉണ്ടാവുകയും അതിനെ തുടർന്ന് ഉമ്മയുടെ ഓപ്പറേഷന് പണമാവശ്യമായി വരികയും ചെയ്യുമ്പോൾ കുഴൽ പണം കടത്താൻ തയാറാവുന്ന ഷാനുവിന്റെ ജീവിതത്തിൽ ഒരു ദിവസം രാവിലെ എട്ടു മുതൽ വൈകിട്ട് ആറു മണി വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂർവമായ അതിജീവനത്തിന്റെയും ഒരു പകലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ പീറ്റർ സാജൻ , അനൂപ് മാധവ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത് . ജോസഫ് .സി .മാത്യുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൽഫോൻസ് ജോസഫാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.