ബ്ലാസ്റ്റേഴ്സ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടത് അപകടത്തിനു തലേന്ന്; ഫുട്ബോൾ കളിക്കാരനാവുക എന്ന എന്ന ആഗ്രഹം ബാക്കിയാക്കി അഫീൽ യാത്രയായി

കഴിഞ്ഞ ദിവസമാണ് പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ചികിത്സയിലായിരുന്ന അഫീൽ ജോൺസൺ മരണപ്പെട്ടത്. കായികരംഗത്തെ ഇഷ്ടപ്പെട്ടിരുന്ന അഫീലിൻ്റെ പ്രണയം ഫുട്ബോളിനോടായിരുന്നു. കാല്പന്തു കളിക്കാരനാവണമെന്നായിരുന്നു അവൻ്റെ ആഗ്രഹം. ആ ആഗ്രഹത്തിൻ്റെ പൂർത്തീകരണത്തിനായാണ് അഫീൽ പാലാ സെൻ്റ് തോമസ് സ്കൂളിൽ പ്ലസ് ടു പഠിക്കാൻ ചേർന്നത്. എന്നാൽ ആഗ്രഹം സഫലീകരിക്കാൻ കഴിയാതെ അഭീൽ മരണപ്പെട്ടു.
പാലാ ഫുട്ബോൾ ക്ലബിലായിരുന്നു പരിശീലനം. ആഴ്ചയിൽ മൂന്നു ദിവസം നടത്തിയ പരിശീലനം അഫീലിനെ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെത്തിച്ചു. പിന്നീട് പോർച്ചുഗീസ് പരിശീലകൻ ജാവോ പെഡ്രോയുടെ കീഴിലായി പരിശീലനം. പരിശീലനത്തിനൊടുവിൽ വിളിയെത്തി. കേരള ബ്ലാസ്റ്റേഴ്സിൻ്റെ അണ്ടർ 16 ടീമിൽ അഭീൽ തിരഞ്ഞെടുക്കപ്പെട്ടു. പാലായിൽ പരിശീലിച്ച 30 പേരിൽ രണ്ട് പേർക്ക് മാത്രമാണ് ടീമിൽ പ്രവേശനം ലഭിച്ചത്. ആഹ്ലാദത്തോടെയാണ് അവൻ വീട്ടിലെത്തിയത്. കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ സെലക്ഷൻ കിട്ടിയ സന്തോഷം അവൻ വീട്ടുകാരെ അറിയിച്ചു. പിറ്റേന്നായിരുന്നു അപകടം.
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വളന്റിയറായിരുന്ന അഫീലിന് ഈ മാസം നാലിനാണ് ഹാമർ തലയിൽ പതിച്ച് ഗുരുതര പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന അഫീലിന് ഇന്നലെ വൈകിട്ട് ഹൃദയാഘാതമുണ്ടായി ജീവൻ നഷ്ടമാവുകയായിരുന്നു.
ജാവലിൻ ഹാമർ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയത് ഗുരുതര വീഴ്ച്ചയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഘാടകരായ നാല് പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതിയും നാളെ റിപ്പോർട്ട് നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here