ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ്; പരമ്പര തൂത്തുവാരി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. ഒരുദിനം ശേഷിക്കേ ഇന്നിംഗ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 133 റണ്‍സിന് പുറത്തായി. നാലാം ദിനം 12 പന്തുകള്‍ നേരിട്ട ദക്ഷിണാഫ്രിക്കയ്ക്ക് ശേഷിച്ച രണ്ട് വിക്കറ്റുകളും നഷ്ടമായി.
ആദ്യ ഇന്നിംഗ്‌സിന്റെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം ഇന്നിംഗ്‌സും എട്ടിന് 132 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവര്‍ മാത്രമേ അതിജീവിക്കാനായുള്ളൂ. അരങ്ങേറ്റ താരം ഷഹബാസ് നദീം എറിഞ്ഞ രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു.
ഇന്ത്യയ്ക്കായി 10 റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് എടുത്തു. ഉമേഷ് യാദവ്, ഷഹബാസ് നദീം എന്നിവര്‍ രണ്ടുവീതവും ജഡേജയും അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പര തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ബഹുദൂരം മുന്നിലെത്തി. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയ്ക്ക് 240 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനും മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്കും 60 പോയിന്റ് വീതമാണുള്ളത്.
മൂന്നാംദിനം ഇന്ത്യയുടെ പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ മികവുപുലര്‍ത്തിയതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു.
രണ്ടിന് ഒമ്പതു റണ്‍സെന്നനിലയില്‍ മൂന്നാം ദിനം ഒന്നാമിന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരുഘട്ടത്തിലും പിടിച്ചുനില്‍ക്കാനായില്ല. ഒമ്പതുവിക്കറ്റിന് 497 റണ്‍സെടുത്ത് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്
ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ റാഞ്ചിയില്‍ ഇരട്ടസെഞ്ചുറിയോടെ ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ മത്സരത്തില്‍ അജിന്‍ക്യ രഹാനെയും സെഞ്ചുറി നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here