സ്ത്രീകളേ… സ്വർണത്തിൽ നിന്ന് ഇരുമ്പിലേക്ക് നിക്ഷേപം മാറ്റൂ…: വൈറലായി പരസ്യ വീഡിയോ

ദീപാവലി ആഘോഷവേളയിൽ സ്ത്രീകളുടെ നിക്ഷേപം സ്വർണത്തിൽ നിന്ന് ഇരുമ്പിലേക്ക് മാറ്റാൻ ആഹ്വാനം ചെയ്ത് പുറത്തിറക്കിയ പരസ്യ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.സോഷ്യൽ മീഡിയ കാംപെയ്‌നായ പ്രൊജക്ട് സ്ത്രീധൻ ആണ് പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നിക്ഷേപം ഇരുമ്പിലേക്ക് മാറ്റുന്നതിന് മുമ്പ്, സ്ത്രീകളെ ഇതൊന്ന് ശ്രദ്ധിക്കൂ…!

ഇരുമ്പിന്റെ വില മാർക്കറ്റിൽ കൂടിയത് കൊണ്ടൊന്നും അല്ല കെട്ടോ ഇവരിത് പറയുന്നത്, സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്.

മനോഹരമായ ഗാനത്തിലൂടെയും ദൃശ്യങ്ങളിലൂടെയുമാണ് അവതരണം. രക്തത്തിൽ ഇരുമ്പിന്റെ കുറവ് മൂലം സ്ത്രീകളിൽ കണ്ട് വരുന്ന വിളർച്ചയെ കുറിച്ചാണ് പരസ്യം.

ഇന്ത്യയിൽ രണ്ട് സ്ത്രീകളിൽ ഒരാൾ വിളർച്ച അനുഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ അവസ്ഥ ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് പരിഹരിക്കാവുന്നതേ ഉള്ളൂ.

ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പരസ്യം വൻ ചർച്ചകളിലേക്കുള്ള വാതിലാണ് തുറന്നിരിക്കുന്നത്. ഏത് സാമ്പത്തിക സ്ഥിതിയിലുള്ള സ്ത്രീകളും ഈ അവസ്ഥക്ക് വലിയ വില കൊടുക്കാറില്ല. എന്നാൽ രക്തത്തിലെ വിളർച്ച അഥവാ ഇരുമ്പ് കുറയുന്നത് ശരീരത്തെ ബാധിക്കുക ദീർഘകാല അടിസ്ഥാനത്തിലാണ്.

ആർത്തവകാലത്തും ഗർഭിണി ആയിരിക്കുമ്പോളും മാത്രമല്ല ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കേണ്ടത്. ആരോഗ്യമുള്ള ശരീരത്തിന് എല്ലാ ദിവസവും ഇരുമ്പടങ്ങിയ ഭക്ഷണം ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന അളവിൽ കഴിച്ചിരിക്കണം.

പരസ്യത്തിൽ കാണിച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളെല്ലാം തന്നെ രക്തത്തിൽ ഇരുമ്പിന്റെ അംശം കൂട്ടാൻ സഹായിക്കുന്നവയാണ്. രക്തത്തിലെ അയണിന്റെ അളവ് ഓക്‌സിജൻ വഹിക്കുന്ന ഹീമോഗ്ലോബിന്റെ അംശത്തെയാണ് ബാധിക്കുന്നത്.

ദീപാവലിയോട് അനുബന്ധിച്ച് സ്ത്രീകൾ സ്വർണം വാങ്ങുന്നതിലും അധികം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്. തിരക്കിട്ട ജീവിതത്തിനിടയിൽ നിങ്ങൾ നിങ്ങളെ തന്നെ സംരക്ഷിക്കൂ എന്ന് വീഡിയോ കണ്ട് പലരും ഫേസ്ബുക്കിൽ കുറിച്ചു.

 

വീഡിയോക്ക് പിന്തുണ പ്രഖ്യാപിച്ച് നടി വിദ്യാ ബാലനും സമൂഹമാധ്യമത്തിൽ എത്തി. ഇരുമ്പ് അടങ്ങിയ ഈന്തപ്പഴം കഴിക്കുന്ന ചിത്രം പങ്കുവച്ച് വിദ്യ എഴുതിയതിങ്ങനെ- ‘രണ്ടിൽ ഒരു സ്ത്രീക്ക് വിളർച്ചയുണ്ട്. അതിൽ ഒരാൾ ഞാനാണ്. ഇരുമ്പിന്റെ അംശമുള്ള ഭക്ഷണം സമൃദ്ധമായി കഴിക്കുകയും വിശ്രമിക്കുകയും ചെയ്യൂ.’

സ്ത്രീകള്‍ സ്വർണം വാങ്ങുന്നതിനേക്കാൾ മുൻതൂക്കം ഇരുമ്പടങ്ങിയ ആഹാരം കഴിക്കുന്നതിന് നൽകൂ എന്ന് നടി അനൂജ ചൗഹാനും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top