ഷെയ്ൻ നിഗം-ജോബി ജോർജ് ഒത്തുതീർപ്പ് ചർച്ച നാളെ

നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ച നാളെ. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് നീക്കം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ എഎംഎംഎയും ചർച്ചയ്ക്ക് നേതൃത്വം വഹിക്കും.
നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. ഭീഷണി ഉയർത്തുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിർമാതാവാണ് ജോബി ജോർജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ പറയുന്നത്.
Read Also : ‘എന്നെ നിയന്ത്രിക്കുന്ന റബ്ബുണ്ടെങ്കിൽ മറുപടി നൽകും’; ജോബി ജോർജിനോട് ഷെയ്ൻ നിഗം
ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തിൽ പൂർത്തീകരിച്ച് ഷെയ്ൻ കുർബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ൻ വരുന്നത്. വെയിലിൽ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ൻ എത്തുന്നത്. കുർബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാൽ പിന്നിലെ മുടി അൽപം മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ജോബി ജോർജും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഷെയ്ൻ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജോബി ജോർജ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം മുൻപ് നിശ്ചയിച്ച സമയവും കഴിഞ്ഞ് മുന്നോട്ട് പോകുന്നതിനിടെ ഷെയ്ൻ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നൽകിയതായി അറിഞ്ഞു. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകിയെന്നും ജോബി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here