ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നുവെന്ന് ടിക്കാറാം മീണ- കള്ളവോട്ട് ആരോപണം ശക്തമാകുന്നു

കാസർഗോഡ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ നടന്നത് കള്ളവോട്ട് ചെയ്യാനുള്ള ശ്രമം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ വ്യക്തമാക്കിയതോടെ കള്ളവോട്ട് ആരോപണം ശക്തമാകുന്നു. ഇതോടെ മുസ്ലീം ലീഗ് നേതൃത്വത്തിന് കള്ളവോട്ട് ആരോപണം നിഷേധിക്കാൻ കഴിയാതെയായിരിക്കുകയാണ്.
കള്ളവോട്ട് ശ്രമത്തിനെ പിടിയിലായ നബീസ മുസ്ലിം ലീഗ് പ്രവർത്തകയാണെന്ന് മീണ ഉറപ്പാക്കിയതോടെ മുസ്ലീം ലീഗ് വെട്ടിലായിരിക്കുകയാണ്. എന്നാൽ നബീസക്ക് വോട്ടിംഗ് സ്ലിപ് നൽകിയിരിക്കുന്നത് എൽഡിഎഫ് ബൂത്തിൽ നിന്നാണെന്നും അതിനാൽ മറുപടി പറയേണ്ടത് എൽഡിഎഫാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും സ്ഥാനാർത്ഥിയുമായ എംസി ഖമറുദ്ദീൻ വ്യക്തമാക്കി.
Read Also: മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; ബാക്രബയൽ സ്വദേശിനി അറസ്റ്റിൽ
യുഡിഎഫിന്റെ കൗണ്ടറിൽ നിന്ന് വോട്ടില്ലെന്ന് പറഞ്ഞ് മടക്കി അയച്ച് നബീസക്ക് എൽഡിഎഫുകാരാണ് സ്ലിപ് നൽകിയത്. ഞങ്ങൾക്കല്ല അത് കൗണ്ടറിൽ നിന്ന് കൊടുത്തവർക്കാണ് ഉത്തരവാദിത്വം എന്നും അവർ എന്ത് തെറ്റിധാരണയുടെ പേരിലാണ് കൊടുത്തതെന്ന് അറിയില്ലെന്നും ഖമറുദ്ദീൻ വ്യക്തമാക്കി.
വോട്ടെടുപ്പിന് പിന്നാലെ മഞ്ചേശ്വരത്ത് വ്യാപകമായ രീതിയിൽ കള്ളവോട്ട് നടന്നതായി ബിജെപി ആരോപിച്ചിരുന്നു. മിക്കവാറും തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് ആരോപണം മഞ്ചേശ്വരത്ത് ഉണ്ടാവാറുണ്ട്. കഴിഞ്ഞ തവണ 89 വോട്ടിന് ബിജെപി തോറ്റപ്പോളും അവർ കള്ളവോട്ട് നടന്നതായി ആരോപിച്ചിരുന്നു. കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചതോടെ യുഡിഎഫും മുസ്ലിം ലീഗും പ്രതിരോധത്തിലായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here