Advertisement

ഷെയ്ൻ-ജോബി ജോർജ് തർക്കം പരിഹരിച്ചു; ഷെയ്‌നിന് നൽകാനുള്ള ബാക്കി തുക സിനിമ പൂർത്തിയാക്കിയ ശേഷം നൽകുമെന്ന് നിർമാതാവ്

October 23, 2019
Google News 1 minute Read

നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിച്ചു. ഷെയ്ൻ നിഗമിന് ഇതുവരെ 24 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും നൽകാനുള്ള ബാക്കി തുക സിനിമ പൂർത്തീകരിച്ച ശേഷം നൽകുമെന്നും നിർമാതാവ് ജോബി ജോർജ് അറിയിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ച ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് തുടങ്ങിയത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആസ്ഥാനത്തായിരുന്നു ചർച്ച. ചർച്ചയിൽ തൃപ്തനെന്ന് യോഗത്തിന് ശേഷം ഷെയ്ൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. ഭീഷണി ഉയർത്തുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിർമാതാവാണ് ജോബി ജോർജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ പറയുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി ജോബി ജോർജും രംഗത്തെത്തിയതോടെ ഇരുവരും തമ്മിൽ വാക്‌പോര് മുറുകി. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനകൾ ചർച്ചയ്ക്ക് മുൻകൈ എടുക്കുന്നത്.

Read Also : ‘എന്നെ നിയന്ത്രിക്കുന്ന റബ്ബുണ്ടെങ്കിൽ മറുപടി നൽകും’; ജോബി ജോർജിനോട് ഷെയ്ൻ നിഗം

വെയിൽ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തിൽ പൂർത്തീകരിച്ച് ഷെയ്ൻ കുർബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ൻ വരുന്നത്. വെയിലിൽ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ൻ എത്തുന്നത്. കുർബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാൽ പിന്നിലെ മുടി അൽപം മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ജോബി ജോർജും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഷെയ്ൻ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജോബി ജോർജ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം മുൻപ് നിശ്ചയിച്ച സമയവും കഴിഞ്ഞ് മുന്നോട്ട് പോകുന്നതിനിടെ ഷെയ്ൻ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നൽകിയതായി അറിഞ്ഞു. തുടർന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതി നൽകിയെന്നും ജോബി പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here