ഭൂമി തട്ടിപ്പ് കേസിൽ ടി സിദ്ദീഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

വ്യാജ ഒസ്യത്ത് ഉപയോഗിച്ച് അന്തരിച്ച റിട്ടയേഡ് മജിസ്ട്രേറ്റിന്റെ ഭൂമി തട്ടിയെടുത്തതിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് അടക്കമുളള കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, കോൺഗ്രസ് നേതാക്കളായ അബ്ദുറഹ്മാൻ, ഹബീബ് തമ്പി എന്നിവർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
താമരശ്ശേരി ചുങ്കം സ്വദേശി ലിങ്കൻ അബ്രഹാം ചാരിറ്റബിൾ ട്രസ്റ്റിന് നൽകിയ 27 ഏക്കർ ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കൾ സഹോദരൻ കൈക്കലാക്കിയെന്നാണ് പരാതിയിലുള്ളത്. എന്നാൽ ട്രസ്റ്റികൾ കോടതിയിൽ നൽകിയ പരാതി കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കി ഇതിന്റെ പ്രതിഫലമായി ഒരേക്കർ ഭൂമി വാങ്ങിയെടുത്തുവെന്നുമാണ് പരാതിയിലെ ആരോപണം.
ലിങ്കൺ എബ്രഹാം സ്വത്തുകൾ പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. എന്നാൽ ലിങ്കൺ എബ്രഹാമിന്റെ മരണ ശേഷം സഹോദരൻ ഫിലോമെയിൻ എബ്രഹാം സ്വത്തിൽ അവകാശം ഉന്നയിച്ച് രംഗത്ത് എത്തി. ലിങ്കൺ മരിക്കുന്നതിന് നാല് മാസം മുമ്പ് ഒസ്യത്ത് തന്റെ പേരിലേക്ക് മാറ്റിയെന്നാണ് ഫിലോമെയിന്റെ വാദം.
തുടർന്ന് ട്രസ്റ്റിലെ അംഗങ്ങൾ കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ട്രസ്റ്റിനെ കൊണ്ട് പരാതി പിൻവലിപ്പിക്കുകയും ഫിലോമെയിന് ഭൂമിയിൽ അവകാശം ഉറപ്പാക്കി കൊടുക്കുകയും ചെയ്തുവെന്നാണ് പരാതിയിലുന്നയിച്ചിരിക്കുന്നത്.ഇതിന് പ്രതിഫലമായി ടി സിദ്ദീഖ്, അബ്ദുറഹ്മാൻ, ഹബീബ് തമ്പി എന്നീ കോൺഗ്രസ് നേതാക്കൾക്ക് ഫിലോമിൻ ഭൂമി നൽകിയെന്നുമാണ് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്ക് കൈമാറിയതിനെ തുടർന്നാണ് താമരശേരി ഡിവൈഎസ്പി പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും രണ്ടാമത്തെ ഒസ്യത്തിന് കോടതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം സ്വത്ത് തർക്കം പരിഹരിക്കാൻ ഇടപെടുക മാത്രമാണ് ചെയ്തതെന്നും ടി സിദ്ദീഖ് ട്വന്റി ഫോറിനോട് പറഞ്ഞു.
അതിനിടെ രണ്ടാമത്തെ ഒസ്യത്ത് നിർബന്ധപൂർവ്വം തയ്യാറാക്കിയതണെന്ന് വെളിപ്പെടുത്തി ലിങ്കൺ എബ്രഹാമിന്റെ സഹായി ദേവസ്യയും രംഗത്ത് എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here