എ.ജി സിപി സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവി; അഭീലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

അഡ്വക്കേറ്റ് ജനറൽ സിപി സുധാകർ പ്രസാദിനു ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ക്യാബിനറ്റ് പദവി നൽകിയവരുടെ എണ്ണം അഞ്ചായി. എസ്എം വിജയാനന്ദ് അധ്യക്ഷനായി ആറാം ധനകാര്യ കമ്മീഷൻ രൂപീകരിക്കും. കായിക മേളക്കിടെ ഹാമർ തലയിൽ വീണു മരണമടഞ്ഞ അഭീൽ ജോൺസണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അഡ്വക്കേറ്റ് ജനറലിനു ക്യാബിനറ്റ് പദവി നൽകാനുള്ള നിയമവകുപ്പിന്റെ ശുപാർശ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഇത് അംഗീകരിച്ചു. സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നൽകുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി സുപ്രിംകോടതിയിലും ഹൈക്കോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും സർക്കാരിനു നിയമോപദേശം നൽകുന്നതും അഡ്വക്കേറ്റ് ജനറലാണ്.

ഭരണപരിഷ്‌കരണ കമ്മിഷൻ ചെയർമാൻ വിഎസ് അച്ച്യുതാനന്ദൻ, മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത്, ചീഫ്വിപ്പ് കെ രാജൻ എന്നിവർക്കാണ് മുമ്പ് ക്യാബിനറ്റ് പദവി നൽകിയത്. ആറാം ധനകാര്യ കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദാണ് അധ്യക്ഷൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാനാണ് ധനകാര്യ കമ്മീഷൻ രൂപീകരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top