വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷക്കായി 1249 പൊലീസുദ്യോഗസ്ഥർ

ഇന്ന് വോട്ടെണ്ണൽ നടക്കുന്ന അഞ്ച് നിയമസഭാമണ്ഡലങ്ങളിലും സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 1249 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരിൽ 21 ഡിവൈഎസ്പി മാരും 27 ഇൻസ്‌പെക്ടർമാരും 165 സബ്ബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്നു. കൂടാതെ സായുധപൊലീസ് സേനയുടേയും കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടേയും 13 കമ്പനികളെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തിൽ രാവിലെ എട്ടു മണിയോടെ സ്ട്രോങ് റൂമുകൾ തുറക്കും. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും. 14 ടേബിളുകളിലാണ് ഒരു റൗണ്ടിൽ വോട്ടെണ്ണൽ നടക്കുക.ആദ്യ റൗണ്ട് പൂർത്തിയാകുന്നതോടെ അടുത്ത റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങളും എത്തിക്കും. അങ്ങനെ 12 റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാക്കും.

ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെയുണ്ടാകുമെന്നാണ് പ്രതീക്ഷ.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും. ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാകും എണ്ണുകയെന്നത് നറുക്കിട്ടാകും തീരുമാനിക്കുക. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞതിന് ശേഷമായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top