ഹരിയാന തെരഞ്ഞെടുപ്പ്: തൂക്ക് മന്ത്രി സഭക്ക് സാധ്യത

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമ സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ 40 ഇടങ്ങളിൽ ബിജെപിയും 32 ഇടങ്ങളിൽ കോൺഗ്രസും മുന്നിട്ട് നിൽക്കുന്നു. മറ്റ് പാർട്ടികൾ 18 ഇടങ്ങളിലും മുന്നിലാണ്. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഹരിയാനയിൽ ഫലസൂചനകൾ പ്രകാരം ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ല. തൂക്ക് മന്ത്രി സഭക്കും സംസ്ഥാനത്ത് സാധ്യതയുണ്ട്. എന്നാലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കും. കോൺഗ്രസും മറ്റ് കക്ഷികളും ചേർന്നാൽ ഒരുപക്ഷെ ഹരിയാനയിൽ മറ്റൊരു കർണാടക പിറന്നേക്കാം.

11 സീറ്റിന്റെ ലീഡിൽ നിൽക്കുന്ന ജനനായക് ജനതാ പാർട്ടി (ജെജെപി)യുടെ നിലപാടായിരിക്കും നിർണായകം. ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ ഭരണത്തിന്റെ പ്രതിഫലനമായിരിക്കും ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫലം. കൂടാതെ കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപിന്തർ സിംഗ് ഹൂഡായുടെ സ്വാധീനവും ഈ തെരഞ്ഞെടുപ്പിലുണ്ടാകും.

2014 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 47 സീറ്റുകൾ നേടിയാണ് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. കോൺഗ്രസിന് അന്ന് 15 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. അന്ന് പ്രാദേശിക പാർട്ടിയായ ഇന്ത്യൻ നാഷണൽ ലോക് ദളിന് (ഐഎൻഡിഎൽ) 19 സീറ്റുകൾ ലഭിച്ചു.
ബഹുജൻ സമാജ്‌വാദി പാർട്ടിയും ശിരോമണി അകാലി ദളും ഓരോരോ സീറ്റ് വീതവും നേടി. ഹരിയാന ജയന്ത് കോൺഗ്രസ് രണ്ട് സീറ്റിലും ജയിച്ചു. അഞ്ച് സ്വതന്ത്രന്മാരും സഭയിലുണ്ടായിരുന്നു.

മിക്ക എക്‌സിറ്റ് പോളുകളും തെറ്റിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് കോൺഗ്രസ് ഇത്തവണ ഹരിയാനയിൽ കാഴ്ച വച്ചിരിക്കുന്നത്. തൊണ്ണൂറിൽ എഴുപത്തിയഞ്ച് സീറ്റുകൾ ബിജെപി പിടിക്കുമെന്നായിരുന്നു മിക്ക പ്രവചനങ്ങളിലും.

ഇരു സംസ്ഥാനങ്ങളിലേയും പോളിംഗ് ശതമാനം കുറഞ്ഞിരുന്നു. അവസാന കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ 60.5 ശതമാനവും ഹരിയാനയിൽ 65 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

അതേ സമയം മനോഹർ ലാൽ ഖട്ടാർ വൈകുന്നേരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top