Advertisement

സ്തനാര്‍ബുദം ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നു ; കൂടുതലും കണ്ടുവരുന്നത് കേരളത്തിലെ സ്ത്രീകളില്‍

October 25, 2019
Google News 1 minute Read

ശ്വാസകോശാര്‍ബുദത്തിന് ശേഷം ലോകത്താകമാനം ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്.

തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ 90 ശതമാനം അര്‍ബുദവും ഭേദമാക്കാവുന്നവയാണ്. പലപ്പോഴും സ്തനാര്‍ബുദം കണ്ടുപിടിക്കപ്പെടുന്നത് വളരെ വൈകിയാണ്. ഇനി കേരളത്തിലെ സ്ത്രീകളുടെ കാര്യം എടുക്കുകയാണെങ്കില്‍ കണ്ടുപിടിക്കപ്പെടാന്‍ വളരെ വൈകുന്നു എന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്.  ശരീരത്തിന്റെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദത്തെ അപേക്ഷിച്ച്  സ്തനാര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്തിയാല്‍ താരതമ്യേന എളുപ്പം മാറ്റാമെന്നിരിക്കെയാണ് കേരളത്തില്‍ ഈ പ്രവണത നിലനില്‍ക്കുന്നത്.

‘ഇന്ത്യയില്‍ പുരുഷന്‍മാരില്‍ ഓറല്‍ കാന്‍സറും സ്ത്രീകളില്‍ സ്തനാര്‍ബുദവും വരുന്നതിന്റെ തോത് ദിനം പ്രതി വര്‍ധിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ മാറ്റാവുന്ന ക്യാന്‍സര്‍ രണ്ടോ മൂന്നോ അതോ അവസാന ഘട്ടത്തിലോ കണ്ടെത്തുമ്പോള്‍ മാറ്റാന്‍ കൂടുതല്‍ പ്രയാസമായി തീരുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ രോഗികള്‍ക്കാവുന്നില്ല’ – കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ് പറയുന്നു.

സ്തനാര്‍ബുദ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് സ്വന്തമായി പരിശോധിക്കാവുന്നതാണ്. എന്നാല്‍, മിക്ക സ്ത്രീകള്‍ക്കും ഇതിനെ പറ്റിയുള്ള അറിവ് കുറവാണ്. ആദ്യ ഘട്ടത്തില്‍ സാധാരണയായി മാറിടത്തില്‍ വേദനയില്ലാത്ത മുഴകള്‍ പ്രത്യക്ഷപ്പെടും. ഇതിനെ അവഗണിക്കുമ്പോളാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങുക. കുളിക്കുമ്പോള്‍ തന്നെ സ്വയം പരിശോധിക്കാം തടിപ്പോ മുഴകളോ മാറിടത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന്.

30 വയസ് കഴിഞ്ഞ സ്ത്രീകള്‍ എന്തിരുന്നാലും ആശുപത്രിയില്‍ പോയി സ്തനാര്‍ബുദ ടെസ്റ്റുകള്‍ ചെയ്തിരിക്കണം. ഗ്രാമ പ്രദേശങ്ങളിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ സൗജന്യമായി സ്തനാര്‍ബുദത്തിനുള്ള മാമോഗ്രഫി ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കുന്നത് പലപ്പോഴും സ്തനാര്‍ബുദ ബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനും മുന്‍ കൂട്ടിയുള്ള ചികിത്സയ്ക്കും സഹായകമാകും.

ആദ്യ ഘട്ടത്തില്‍ ഉണ്ടാവുന്ന മുഴകള്‍ ചെലപ്പോള്‍ മേമോഗ്രാം വഴിയും കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ അള്‍ട്രാ സൗണ്ട് ഉപയോഗിക്കേണ്ടി വരും. ഇത്തരത്തില്‍ സ്തനാര്‍ബുദം ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് കണ്‍സള്‍ട്ടന്റ് ന്യൂട്രീഷ്യനിസ്റ്റും ഫിറ്റനസ് വിദഗ്ധയുമായ ഷൈനി അഗസ്റ്റിന്‍ അഭിപ്രായപ്പെടുന്നു.

ഹെല്‍ത്ത് സ്റ്റാര്‍ട് അപ്പായ ‘നിരാമയ്’യുടെ സിഇഒ ഗീത മഞ്ജുനാഥിന്റെ പറഞ്ഞത് പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പോലും സ്തനാര്‍ബുദ പരിശോധന വേണമെന്നാണ്. പക്ഷെ കേരളത്തിലെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ പരിശോധന ഇപ്പോഴുള്ളൂ. ഇത്തരത്തിലുള്ള ടെസ്റ്റുകളെടുക്കാന്‍ സ്ത്രീകള്‍ മടി കാണിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here