മുന്നിലുള്ളത് വലിയ കടമ്പ; പ്ലേയിംഗ് ഇലവനിലെത്താൻ സഞ്ജു ബുദ്ധിമുട്ടും

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരക്കുള്ള ടീമിൽ സഞ്ജു ഉൾപ്പെട്ടത് നമ്മൾ ഏറെ ആഘോഷിച്ച വാർത്തയായിരുന്നു. അപാര കഴിവുള്ള താരമായിട്ടും ദേശീയ ടീമിലേക്കുള്ള വിളി ഇത്ര വൈകിയതിൽ നമുക്ക് അമർഷവുമുണ്ട്. എന്നാൽ 15 അംഗ ടീമിൽ നിന്ന് പ്ലേയിംഗ് ഇലവനിലേക്കെത്താൻ സഞ്ജു ഏറെ കഷ്ടപ്പെടേണ്ടി വരും.
സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെയാണ്. അതുകൊണ്ട് തന്നെ വിക്കറ്റ് കീപ്പർ റോളിൽ സഞ്ജു പ്ലേയിംഗ് ഇലവനിൽ കളിക്കില്ല. പിന്നെയുള്ളത് സ്പെഷ്യലൈസ് ബാറ്റ്സ്മാൻ്റെ റോളാണ്. സഞ്ജു സാധാരണ 3, 4 സ്ഥാനങ്ങളിലാണ് ബാറ്റ് ചെയ്യുക. ഇന്ത്യൻ ടീമിൻ്റെ കാര്യമെടുത്താൽ ഓപ്പണിംഗിൽ രോഹിതും ധവാനും. അടുത്ത സ്ഥാനങ്ങളിലേക്ക് സ്ഥാനം ഉറപ്പിച്ചവരിൽ ശ്രേയസ് ഗോപാലും മനീഷ് പാണ്ഡെയും ഋഷഭ് പന്തും ഉൾപ്പെടുന്നു. പാണ്ഡെയെ സാധ്യതാ പട്ടികയിൽ പെടുത്താമെങ്കിലും ശ്രേയസും പന്തും ഉറപ്പാണ്. നാലാം നമ്പരിൽ ശ്രേയസ്, അഞ്ചാം നമ്പറിൽ പന്ത്. മൂന്നാം നമ്പരിലാണ് പിന്നെ മത്സരം. ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ എന്നിവരാണ് മൂന്നാം സ്ഥാനത്തു വേണ്ടി മത്സരിക്കുന്നത്. ലോകേഷ് രാഹുലിനെ മറികടന്ന് മനീഷ് പാണ്ഡെ എത്താനുള്ള സാധ്യത തന്നെ വിദൂരമാണ്. മൂന്ന് മത്സരങ്ങൾ ഉള്ളതു കൊണ്ട് അതിലേതിലെങ്കിലും അവസരം കിട്ടുമെന്ന് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അവിടെയാണ് സഞ്ജു എത്തേണ്ടത്.
ഇനി ലോവർ ഓർഡർ നോക്കിയാൽ ഋഷഭ് പന്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റിൽ കൂറ്റൻ ഷോട്ടുകളുമായി ഗംഭീര പ്രകടനങ്ങൾ നടത്തുന്ന ശിവം ദൂബെ എന്ന മുംബൈ ഓൾറൗണ്ടർ തന്നെ കളിക്കും. ആ റോൾ കൈകാര്യം ചെയ്യാൻ പറ്റിയ ഏക താരമാണ് ദൂബെ. ഹർദ്ദിക് പാണ്ഡ്യയുടെ പകരക്കാരൻ എന്ന ലേബൽ ഏറ്റവുമധികം അനുയോജിക്കുന്ന താരം. അതുകൊണ്ട് തന്നെ സഞ്ജുവിന് അവിടെയും സാധ്യതയില്ല. ഏഴാം നമ്പറിൽ കൃണാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നീ താരങ്ങളുമുണ്ട്.
അതായത്, മൂന്നു ടി-20കളിൽ ഏതിലെങ്കിലും ഒരു മത്സരത്തിൽ ഇടം കിട്ടുമോ എന്ന കാര്യം തന്നെ സംശയത്തിലാണ്. മിക്കവാറും വാട്ടർ ബോയ് റോൾ ആവാനാവും സഞ്ജുവിൻ്റെ ഗതി. അതല്ലെങ്കിൽ ശ്രേയസ് അയ്യറിൻ്റെ സ്ഥാനത്ത് സഞ്ജുവിനെ ഉൾക്കൊള്ളിക്കണം. അതാണ് മറ്റൊരു സാധ്യത. അതിനും സാധ്യതയില്ലാതില്ല. ശ്രേയസ് ഏറേക്കുറെ ടീമിൽ സ്ഥാനമുറപ്പിച്ച താരമാണെങ്കിലും അടുത്ത വർഷത്തെ ടി-20 ലോകകപ്പിലേക്കുള്ള ടീം രൂപീകരണം നടക്കുന്നതിനാൽ ടീം മാനേജ്മെൻ്റ് പരീക്ഷണങ്ങൾക്ക് മുതിർന്നേക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here