താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പി കെ ഫിറോസ്

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാക്ക് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഐഎം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഇസഹാക്കിനെ കൊലപ്പെടുത്തുന്നതിന് മുൻപ് പി ജയരാജൻ ഉൾപ്പെടെ യോഗം ചേർന്നിരുന്നു. ഇസഹാക്കിനെ കൊലപ്പെടുത്തിയവർ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബർ 11 ന് പി ജയരാജൻ അഞ്ചുമുടിയിൽ എത്തിയിരുന്നു. ഇവിടെ ഒരു വീട്ടിൽ വച്ചാണ് യോഗം ചേർന്നത്. പാർട്ടി ജയരാജനെ ഇങ്ങോട്ട് കൊണ്ടുവന്ന് കൊലപാതകത്തിന് പദ്ധതി ഇട്ടോ എന്ന് സംശയമുണ്ട്. തെളിവുകൾ അതാണ് വ്യക്തമാക്കുന്നത്. ഇതിന്റെ ഫോട്ടോകൾ കൈവശം ഉണ്ട്. അഞ്ചുടിയിലുള്ള ആളുകൾ മാത്രമാണോ എന്ന് ഉറപ്പിക്കാൻ ആയിട്ടില്ലെന്നും ഫിറോസ് വ്യക്തമാക്കി.
പി ജയരാജൻ വന്നത് പ്രതികൾക്ക് ആത്മ ധൈര്യം നൽകാനാണോ എന്ന് സംശയിക്കുന്നു. വിശദമായ അന്വേഷണം വേണം. മലപ്പുറത്തെ കലാപ ഭൂമി ആക്കാനാണ് ശ്രമം. അതുവഴി ലീഗിനെ ആണ് ലക്ഷ്യംവയ്ക്കുന്നതെന്നും ഫിറോസ് പറഞ്ഞു. താനൂരിൽ സിപിഐഎം വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണ്. മലപ്പുറം ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് താനൂർ കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here