Advertisement

വികെ പ്രശാന്തിനു ശേഷം തിരുവനന്തപുരം നഗര പിതാവ് ആര്?

October 25, 2019
Google News 0 minutes Read

ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപ് തന്നെ കേരളം ഏറെ ചർച്ചചെയ്യപ്പെട്ട ഒരു പേരാണ് തിരുവന്തപുരം മേയർ വികെ പ്രശാന്തിന്റേത്. പ്രളയബാധിത പ്രദേശങ്ങളിൽ സഹായം എത്തിക്കുന്നതിൽ കൈയ്യും മെയ്യും മറന്ന് പ്രവർത്തിച്ച വികെ പ്രശാന്ത് അന്ന് മുതൽ യുവാക്കൾക്കിടയിലെ പ്രിയ മേയർ ബ്രോയാണ്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മേയർ ബ്രോ ഇനി മുതൽ എംഎൽഎ ബ്രോയാണ്.

എന്നാൽ, വികെ പ്രശാന്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തിരുവനന്തപുരത്തെ അടുത്ത മേയറെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാണ്. നാലു പേരുകളാണ് പരിഗണനയിലുള്ളത്, വഞ്ചിയൂർ വാർഡ് കൗൺസിലർ വഞ്ചിയൂർ ബാബു. നെടുംകാട് വാർഡ് കൗൺസിലർ എസ് പുഷ്പലത, ചാക്ക വാർഡ് കൗൺസിലർ കെ ശ്രീകുമാർ, പുന്നക്കാമുഗളിലെ പ്രതിനീധീകരിച്ച് ആർപിന ശിവജി.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ കെ ശ്രീകുമാറിനാണ് പ്രഥമ പരിഗണന. അതേസമയം, മേയർ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്ന ആവശ്യവും സജീവമാണ്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വികെ പ്രശാന്തിന്റെ പകരക്കാരനെ തേടുന്ന ചർച്ചകളാണ് സിപിഎമ്മിൽ സജീവമാകുന്നത്. 2020 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി ഭരണ തുടർച്ച നേടാനാണ് ലക്ഷ്യമിടുന്ന് എന്നതിനാൽ പ്രതിച്ഛായയും പ്രവർത്തന പരിചയവുമുള്ളയാളെ മേയറാക്കണമെന്നതാണ് സിപിഎമ്മിന്റെ നിലപാട്.

ചർച്ചകളിൽ ശ്രീകുമാറിന്റെ പേര് ഉയർന്നു വരുന്നതിന് കാരണം മറ്റൊന്നുമല്ല, ഭൂരിപക്ഷം കുറവായ ഭരണസമിതിയെ മുന്നോട്ടുകൊണ്ടുപേകാൻ മുതിർന്ന അംഗമെന്ന നിലയിൽ ശ്രീകുമാറിനു കഴിയുമെന്നതാണ് ഇദ്ദേഹത്തിനു അനുകൂലമായ ഘടകം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയായ ശ്രീകുമാർ നിലവിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ്.

സിപിഎം ജില്ലാ കമ്മിറ്റി അംഗമായ എസ് പുഷ്പലതയും പരിഗണനാ പട്ടികയിലുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ വനിതയ്ക്ക് പരിഗണന നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കോർപ്പറേഷൻ കൗൺസിലിലെ പ്രമുഖ നേതാവാണ് പുഷ്പലത. എന്നാൽ, അടുത്ത തവണ മേയർ സ്ഥാനം വനിതാ സംവരണമായതിനാൽ ഇതിനുള്ള സാധ്യത കുറവാണ്. കൗൺസിലർമാരായ പി ബാബുവും ആർപി ശിവജിയും പരിഗണനാ പട്ടികയിലുണ്ട്്. സിപിഎം ജില്ലാ കമ്മിറ്റിയാകും മേയറുടെ കാര്യത്തിൽ തീരുമാനമെടുക്കുക. 100 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 44 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. ബിജെപിക്ക് 35 ഉം യുഡിഎഫിനു ഇരുപത്തിയൊന്നും അംഗങ്ങളാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here