വ്യാജരേഖ നൽകി ഐഎഎസ് നേടിയെന്ന പരാതിയിൽ തെളിവെടുപ്പിനെത്താതെ സബ് കളക്ടർ ആസിഫ് കെ യൂസഫ്

വ്യാജരേഖ നൽകി ഐഎഎസ് നേടിയെന്ന പരാതിയിന്മേൽ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് തെളിവെടുപ്പിനെത്തിയില്ല. എറണാകുളം ജില്ലാ കളക്ടർ മുൻപാകെ ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആസിഫ് എത്തിയില്ല. പരാതിക്കാരനും തഹസിൽദാറും മൊഴി നൽകി.

സിവിൽ സർവീസിന്റെ ഒബിസി ക്യാറ്റഗറിയിൽ പ്രവേശനം നേടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റുകൾ നൽകിയെന്ന പരാതിയിലാണ് തലശ്ശേരി സബ് കളകടർ ആസിഫ് കെ യൂസഫിനോട് തെളിവെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പരാതി അന്വേഷിക്കാൻ എറണാകുളം ജില്ലാ കലക്ടറെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആസിഫ് വാർഷിക വരുമാനം തെറ്റായി കാണിച്ചെന്ന് കണയന്നൂർ തഹസിൽദാർ എറണാകുളം ജില്ല കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മാതാപിതാക്കൾക്ക് പാൻ കാർഡില്ലെന്നും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാറില്ലെന്നുമാണ് ആസിഫ് അപേക്ഷാ ഫോമിൽ രേഖപ്പെടുത്തിയത്. ഇതും തെറ്റാണെന്ന് തഹസിൽദാറിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ആസിഫ് കെ യൂസഫിനോട് തെളിവെടുപ്പിനെത്താൻ ആവശ്യപ്പെട്ടത്.

എന്നാൽ, ആസിഫ് എത്തിയില്ല. പരാതിക്കാരനും കണയന്നൂർ തഹസിൽദാറും തെളിവെടുപ്പിൽ പങ്കെടുത്ത് മൊഴി നൽകി. പേഴ്‌സണൽ മന്ത്രാലയവും ചീഫ് സെക്രട്ടറിയും റിപ്പോർട്ട് ആവശ്യപ്പെട്ട് നാല് മാസം വൈകുമ്പോഴും എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട് വൈകുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top