കൂടത്തായിക്ക് സമാനമായ കൊലപാതക പരമ്പര കരമനയിലും? മരിച്ചത് ഏഴ് പേർ; സ്വത്ത് കൈമാറ്റത്തിലും ദുരൂഹത

തിരുവനന്തപുരം കരമന കുളത്തറയിൽ ഒരു കുടുംബത്തിലെ ഏഴ് മരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയെന്ന് പരാതി. കൊലപാതകമെന്ന് ആരോപിച്ച് ബന്ധു നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം ക്രൈം ഡിസിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. കുടംബത്തിന്റെ നൂറ് കോടിയോളം വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ കുടുംബവുമായി അടുപ്പമുള്ള വ്യക്തി ശ്രമിച്ചതായി നാട്ടുകാരും ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞു.
കരമന, കുളത്തറ, ഉമാ മന്ദിരത്തിൽ, കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. അവസാനം നടന്ന ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയമാധവൻ എന്നിവരുടെ മരണങ്ങളിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്.
ഇവരുടെ മരണശേഷം സ്വത്തുക്കൾ രക്തബന്ധമില്ലാത്ത രണ്ടുപേരുടെ പേരുകളിലേക്ക് മാറ്റിയെന്ന് കാട്ടി നാട്ടുകാരനായ അനിൽകുമാറാണ് ആദ്യ പരാതി നൽകിയത്. ഈ പരാതിയിൽ കഴമ്പുണ്ടെന്ന് ക്രൈംഡിറ്റാച്ച്‌മെന്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മൂന്നുമാസം മുമ്പ് ബന്ധുവായ പ്രസന്നകുമാരി മരണങ്ങളിൽ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകി. ഈ രണ്ട് പരാതികളുമാണ് ഡിസിപിമുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുക.
അതേസമയം ഒടുവിൽ മരിച്ച ജയമാധവന്റെ മരണത്തിൽ ദുരൂഹതയെന്ന് കാട്ടി ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. കുടുംബത്തിന്റെ അവസാന അവകാശിയായ ജയമാധവനെ പറ്റിച്ച് സ്വത്ത് തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവനെ പറ്റിക്കാൻ ഗൂഢാലോചന നടത്തിയെന്നും ജയമാധവൻ എഴുതിക്കൊടുത്ത വിൽപത്രം വ്യാജമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നഗര മധ്യത്തിൽ തന്നെ പലയിടത്തായി കോടികളുടെ സ്വത്താണ് കുടുംബത്തിനുള്ളത്. പലതും നോക്കാനാളില്ലാതെ കാടുകയറിയ നിലയിലും മറ്റു ചിലത് പോക്കുവരവ് ചെയ്ത് വിൽപന നടത്തിയതായും നാട്ടുകാർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here