ആഗോള മാധ്യമ ഭൂപടത്തിൽ ട്വന്റിഫോർ; ഐബിസി എക്‌സിബിഷൻ പ്രൊമോയിൽ ഇടംനേടി ട്വന്റിഫോർ സ്റ്റുഡിയോ

ലോകപ്രശസ്ത ബ്രോഡ്കാസ്റ്റ് എക്‌സിബിഷൻ ഷോ റീലിൽ ഇടംനേടി ട്വന്റിഫോർ. ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റിംഗ് കൺവെൻഷൻ (ഐബിസി) 2019 നോട് അനുബന്ധിച്ച് പുറത്തിറക്കിയ ഷോ റീലിലാണ് ട്വന്റിഫോർ ഓഗ്‌മെന്റഡ് റിയാലിറ്റി ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിബിസി, സ്‌കൈ ന്യൂസ്, സോണി സ്‌പോർട്ട്‌സ് എന്നിവയാണ് ഷോ റീലിൽ ഇടംപിടിച്ച മറ്റ് ടിവി ചാനലുകൾ. ലോകത്തെ തന്നെ ആറ് ടിവി ചാനലുകളെ മാത്രം ഉൾപ്പെടുത്തിയ ഈ ഷോ റീലിൽ
ഏഷ്യയിൽ നിന്ന് ഇടംനേടുന്ന ഏക ടിവി ചാനലാണ് ട്വന്റിഫോർ. 52 രാജ്യങ്ങളിലെ 45000 ബ്രോഡ്കാസ്റ്റർമാരിൽ നിന്നാണ് ഈ ആറ് ചാനലുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രദർശന വേദിയിൽ വിസാർട്ടിയുടെ സ്‌റ്റോളിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ചയായത് ട്വന്റിഫോറായിരുന്നു.

മീഡിയ എന്റർടെയിൻമെന്റ്,ടെക്‌നോളജി ഷോകളിൽ ലോകത്തിലെ ഏറ്റവും വലിയ പ്രദർശനമാണ് ഐബിസി. പ്രദർശനത്തിന്റെ സംഘാടകരെയും സന്ദർശകരെയും പ്രതിനിധീകരിക്കുന്ന ആറ് രാജ്യാന്തര സംഘടനകളാണ് ഐബിസിക്ക് പിന്നിൽ. 2019 ൽ നടന്ന ഐബിസിയിൽ 56,000  പേരാണ് പങ്കെടുത്തിരിക്കുന്നത്. ലോകത്തെ 150 രാജ്യങ്ങളിൽ നിന്നായി ടെലിവിഷൻ രംഗത്തെ 1700 സാങ്കേതിക വിദഗ്ധരും കോൺഫറൻസിന്റെ ഭാഗമായി.

ആരംഭിച്ച് ആദ്യ വർഷം തന്നെ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ടെലി ട്രാൻസ്‌പോർട്ടിംഗ് സംവിധാനം തുടങ്ങി വിസാർട്ടിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഇടംനേടിയ മലയാളം വാർത്താ ചാനലായ ട്വന്റിഫോർ ടെലിവിഷൻ മാധ്യമ രംഗത്ത് ഏറെ ചർച്ചയായിരുന്നു.  ഇന്ത്യയിലെയും വിദേശത്തേയും പ്രഗത്ഭരായ വിഷ്വൽ ഡിസൈനേഴ്‌സ് രൂപം കൊടുത്ത രാജ്യത്തെ ആദ്യ വെർച്വൽ സ്റ്റുഡിയോ ആണ് ട്വന്റിഫോറിന്റേത്.

സാങ്കേതിക വിദ്യകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിലുപരി സങ്കീർണമായ വിഷയങ്ങൾ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ 3ഡി മോഡലും, ഗ്രാഫും ചാർട്ടുമെല്ലാമായി ജനങ്ങൾക്ക് മനസ്സിലാകും വിധം വിശദീകരിക്കുക  എന്നതായിരുന്നു മുഖ്യ ലക്ഷ്യം.  ഹോർമുസ് കടലിടുക്കിൽപ്പെട്ട നാവികരുടെ വിഷയം, കേരളം കണ്ട പ്രളയം, ചന്ദ്രയാൻ വിക്ഷേപണം, റഫാൽ യുദ്ധ വിമാനം, പുൽവാമ പ്രത്യാക്രമണം, തെരഞ്ഞെടുപ്പ് അവലോകനം തുടങ്ങി ട്വന്റിഫോർ വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങൾ അവതരിപ്പിച്ചാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയത്.

Read Also : ടെലിവിഷന്‍ രംഗത്തെ ഓസ്കാര്‍ നിറവില്‍ ഫ്ളവേഴ്സ്

2018 ഡിസംബർ 8ന് പ്രവർത്തനമാരംഭിച്ച ട്വന്റിഫോർ അതിവേഗമാണ് മറ്റ് ചാനലുകളെ പിന്തള്ളി
റേറ്റിംഗ് ചാർട്ടിൽ  ‘ടോപ് 4’ പട്ടികയിൽ എത്തിയത് (BARC). കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പ് വേളകളിലും  ട്വന്റിഫോർ യൂട്യൂബ് ചാനലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യൂവർഷിപ്പ്
നേടിവരുന്നത്. നൂറ് ശതമാനം വെർച്വൽ സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വാർത്താ ചാനലായ ട്വന്റിഫോർ, ഐബിസി ഷോ റീലിൽ ഇടംനേടിയതോടെ ലോക മാധ്യമ ഭീമന്മാർ വരെ വിസ്മയത്തോടെയാണ് ട്വന്റിഫോറിനെ നോക്കിക്കാണുന്നത്.

സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തിലും മറ്റ് ചാനലുകൾക്ക് മാതൃകയായി പുതിയ വഴിത്താരകൾ വെട്ടിത്തുറന്നിരിക്കുകയാണ് ട്വന്റിഫോർ. ഇതിന്റെ തുടർച്ചയായി കേരളം ഇതുവരെ നേരിടാത്ത പ്രളയ ദുരന്തത്തിന് ശേഷം സംസ്ഥാനം എങ്ങനെ പുനർനിർമിക്കണം
എന്നത് സംബന്ധിച്ച വിപുലമായ കോൺക്ലേവിനൊരുങ്ങുകയാണ് ട്വന്റിഫോർ. ഈ മാസം 30ന് (ബുധനാഴ്ച),

തിരുവനന്തപുരത്ത് നടക്കുന്ന ട്വന്റിഫോർ റൗണ്ട് ടേബിൾ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രളയശേഷം കേരളത്തെ എങ്ങനെ പുനർമിർമിക്കാമെന്നത് സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായ രൂപീകരണമാണ് ഈ കോൺക്ലേവ് വഴി ട്വന്റിഫോർ ഉദ്ദേശിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top