ഗൂഗിൾ പേയിൽ ‘രംഗോലി’ക്കായി അലഞ്ഞ് ഇന്ത്യ; പണമിടപാട് ഇല്ലാതെയും സ്റ്റാമ്പ് ശേഖരിക്കാൻ വിദ്യകൾ

ദീപാവലിക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം വിവിധ ഷോപ്പിംഗ് വെബ്‌സൈറ്റുകളും, പണമിടപാട് ആപ്പുകളും. ഫ്‌ളിപ്കാർട്ട്, ആമസോൺ എന്നീ വെബ്‌സൈറ്റുകൾ മികച്ച ഓഫറുകളാണ് ദീപാവലി പ്രമാണിച്ച് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഇന്ത്യ അലയുന്നത് പണമിടപാട് ആപ്പായ ഗൂഗിൾ പേ നൽകിയ ഓഫറിന് പിന്നാലെയാണ്.

ഗൂഗിൾ പേയിൽ അഞ്ച് ദീപാവലി സ്റ്റാമ്പ് ശേഖരിച്ചാൽ 251 രൂപയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ദിയ, ജുംക, ഫ്‌ളവർ, ലാന്റേൺ, രംഗോലി എന്നിവയാണ് സ്റ്റാമ്പുകൾ. ഈ അഞ്ച് സ്റ്റാമ്പും ശേഖരിക്കുന്നതിൽ വാപൃതരായി ഇരിക്കുകയാണ് ഇന്ത്യ. പലർക്കും ദിയ, ജുംക, ലാന്റേൺ എന്നിവ ലഭിക്കുന്നുണ്ട്. ഒരു ചെറിയ വിഭാഗത്തിന് ഫ്‌ളവറും ലഭിക്കുന്നുണ്ട്. കൂട്ടത്തിലെ പിടികിട്ടാപ്പുള്ളി രംഗോലിയാണ്. രംഗോലി അപൂർവം പേർക്ക് മാത്രമേ ലഭിക്കുന്നുള്ളുവെന്നാണ് പരാതി.

ഈ അഞ്ച് സ്റ്റാമ്പുകൾ ശേഖരിച്ചാൽ ഉടനടി 251 രൂപ അക്കൗണ്ടിൽ വീഴും എന്നത് മാത്രമല്ല ഓഫർ, ഭാഗ്യശാലികൾക്ക് ഒരു ലക്ഷം രൂപ ലഭിക്കാനും അവസരമുണ്ട്.

പണമിടപാട് നടത്തുമ്പോഴാണ് സാധാരണഗതിയിൽ ഗൂഗിൾ പേയിൽ റിവാർഡുകൾ ലഭിക്കുക. അതും 150 രൂപയോ അതിന് മുകളിലോ ഉള്ള പണമിടപാടുകൾക്ക്. എന്നാൽ ദീപവലി ഓഫറിൽ 35 രൂപ മുതലുള്ള പണമിടപാടുകൾക്ക് സ്റ്റാമ്പ് ലഭിക്കും.

പണമിടപാട് നടത്താതെയും സ്റ്റാമ്പ് ശേഖരിക്കാം. ആപ്ലിക്കേഷനിലുള്ള ദീപാവലി സ്‌കാനർ ഉപയോഗിച്ച് ദീപത്തിന്റെയോ, രംഗോലിയുടെയോ ചിത്രം സ്‌കാൻ ചെയ്താൽ സ്റ്റാമ്പുകൾ ലഭിക്കും.
സ്‌കാനർ നിലവിൽ ആൻഡ്രോയിഡിൽ മാത്രമേ ലഭ്യമാകൂ. ഇതിന് പുറമെ ഒന്നിൽ കൂടുതലുള്ള സ്റ്റാമ്പുകൾ സുഹൃത്തുക്കൾക്ക് പങ്കുവച്ചാലും സ്റ്റാമ്പുകൾ ലഭിക്കാം.

കൂട്ടത്തിൽ രംഗോലിയും ഫ്‌ളവറും കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ചിലർ ഇതിന് ‘പറ്റിപ്പ്’ പരിപാടിയായി മുദ്രകുത്തുന്നുണ്ട്. എന്നാൽ ഇതെല്ലാം ശേഖരിച്ച് 251 രൂപ ലഭിച്ച ഭാഗ്യശാലികളുമുണ്ട്. ലഭിക്കുന്ന പണത്തേക്കാൾ ഉപരി ഇന്ത്യക്കാർക്ക് ഈ സ്റ്റാമ്പ് കളക്ഷൻ ഒരു ഹരമായി മാറിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top