കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ 2017 ലേത് [24 Fact Check]

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തിയതായി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. കുട്ടിയെ രക്ഷപ്പെടുത്തുന്നതായും ആശുപത്രിയിലേക്കു മാറ്റുന്നതായുമുള്ള ഒരു വീഡിയോ പങ്കുവച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്.
എന്നാല്‍ ഇത് 2017 ലെ വീഡിയോ ആണെന്നതാണ് യാഥാര്‍ത്ഥ്യം. 2017 ഓഗസ്റ്റില്‍
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ തിരുച്ചിറപ്പള്ളിയിലെ സംഭവമെന്ന വ്യാജേന പ്രചരിക്കുന്നത്. യാഥാര്‍ത്ഥ്യം അറിയാതെ നിരവധിപേരാണ് വീഡിയോ പങ്കുവച്ചത്.
അതേസമയം തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കുഴല്‍ക്കിണറിന്റെ അടുത്ത് സമാന്തരമായി കിണര്‍ കുഴിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. റിംഗ് ഉപയോഗിച്ച് 110 അടിയിലാണ് കിണര്‍ നിര്‍മിക്കുന്നത്. തുരങ്കം നിര്‍മിച്ച് കിണറിനെ കുഴല്‍ക്കിണറുമായി ബന്ധിപ്പിച്ച് കുട്ടിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ റിംഗിന്റെ മൂര്‍ച്ച നഷ്ട്ടപ്പെട്ടതിനാല്‍ പുതിയ റിംഗ് എത്തിച്ചു. പാറ ഉളതിനാല്‍ സാവധാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
കുട്ടി അബോധാവസ്ഥയിലാണെന്ന് ക്യാമറയിലൂടെ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കുട്ടിയില്‍ നിന്ന് പ്രതികരണം ലഭ്യമായിട്ട് 30 മണിക്കൂര്‍ പിന്നിട്ടു. ഇത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചയോടെ കിണര്‍ നിര്‍മാണം പൂര്‍ത്തിയാക്കി രക്ഷാപ്രവര്‍ത്തനം നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here