കെപിസിസി പുനഃസംഘടന ഉടൻ; 18 ജനറൽ സെക്രട്ടറിമാരെയും 28 സെക്രട്ടറിമാരെയും നിയമിക്കും

കെപിസിസി പുനഃസംഘടന ഉടൻ നടത്താൻ ധാരണ. 30 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിത ഇക്കാര്യം ചർച്ച ചെയ്യും. ജംബോ കമ്മിറ്റി വേണ്ടെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതേസമയം യുഡിഎഫ് കൺവീനറെ മാറ്റുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

പുതിയ പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും ചുമതലയേറ്റ് ഒരു വർഷം കഴിഞ്ഞിട്ടും കെപിസിസിയിൽ പുനഃസംഘടന നടന്നിട്ടില്ല. പഴയ ഭാരവാഹികൾ ഒഴിയുകയും ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടത്താനായിരുന്നു ആദ്യ ധാരണ. എന്നാൽ പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വന്നതോടെ അതും പാളി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് മുന്നോടിയായി അടിയന്തരമായി പുനസംഘടന നടത്തണമെന്ന ആവശ്യം ശക്തമാണ്. ഇതോടെയാണ് ഈമാസം 30 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതയിൽ ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. അതിന് മുന്നോടിയായി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കം മുതിർന്ന നേതാക്കളുമായി ആലോചിച്ച് സമവായത്തിലെത്തും. എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ട്. എന്നാൽ ജംബോ കമ്മിറ്റി വേണ്ടെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ്. 18 ജനറൽ സെക്രട്ടറിമാരെയും 28 സെക്രട്ടറിമാരെയും നിയമിക്കും.

വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കി പകരം വൈസ് പ്രസിഡന്റു പദവി തിരികെ കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കമാൻഡ് സൃഷ്ടിച്ച സ്ഥാനങ്ങളിൽ മാറ്റം വേണ്ടെന്നാണ് മുല്ലപ്പള്ളിയുടെ വാദം. എം.ഐ ഷാനവാസിന്റെ മരണത്തോടെ ഒഴിവുവന്ന വർക്കിങ് പ്രസിഡൻറു സ്ഥാനത്തേയ്ക്ക് പകരം ആളെ കണ്ടെത്തണം. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നു തന്നെ മൂന്നാമത്തെ വർക്കിങ് പ്രസിഡന്റിനെ നിയമിക്കാനാണ് സാധ്യത. ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിൽ പഴയ ഭാരവാഹികളിൽ ചിലർ വന്നേക്കും. സ്ഥാനമൊഴിഞ്ഞ ഡി.സി.സി. പ്രസിഡന്റുമാരിൽ ആറുപേർക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്. എന്നാൽ പുതിയ യുഡിഎഫ് കൺവീനറെ നിയമിക്കുന്ന കാര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. ബെന്നി ബെഹന്നാനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. എന്നാൽ ഒരാൾക്ക് ഒരു പദവി എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്ന മുല്ലപ്പള്ളിയുടെ നിലപാടും നിർണായകമാണ്. ഇനി മാറ്റേണ്ട സാഹചര്യം ഉണ്ടായാൽ എം.എം ഹസനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top