‘ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ല’; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ അമ്മ

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പൊലീസ് അപ്പീൽ പോകുമെന്ന വാർത്തയോട് പ്രതികരിച്ച് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ. കേസ് പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് അമ്മ പറഞ്ഞു. പൊലീസ് അപ്പീൽ പോവുന്നതിൽ കാര്യമില്ലെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാർ കേസിൽ അപ്പീൽ പോകുന്നതിന് നിയമോപദേശം കിട്ടിയതായി തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ പറഞ്ഞിരുന്നു. വിധിപ്പകർപ്പ് കിട്ടിയാലുടൻ ഇത് പരിശോധിച്ച് പൊലീസും നിയമവകുപ്പും ചേർന്ന് അപ്പീൽ തയ്യാറാക്കും. അന്വേഷണത്തിൽ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡിഐജി പറയുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് പൊലീസ് അപ്പീൽ നൽകുന്നതെന്നും ഡിഐജി വ്യക്തമാക്കിയിരുന്നു.
വാളയാർ കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ട കോടതി നടപടി വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.
Read also: വാളയാർ പീഡനക്കേസ്; പ്രതികളെ വെറുത വിട്ടതിനെതിരെ അപ്പീൽ നൽകാൻ പൊലീസ്
വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അഞ്ചുപ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല. സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു.