കാലിഫോർണിയയിൽ കാട്ടുതീ അനിയന്ത്രിതമായി പടരുന്നു; 50,000 കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ തീരുമാനം

കാലിഫോർണിയയിൽ കാട്ടുതീ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ 50,000 കുടുംബങ്ങളെ കൂടി മാറ്റിപാർപ്പിക്കാൻ തീരുമാനം. വിന്റ്‌സോർ, ഹെറാൾഡ്ബർഗ്, വടക്കൻ സാൻഫ്രാൻസിസ്‌കോ എന്നീ പട്ടണങ്ങളിൽ നിന്നാണ് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നത്.

കാലിഫോർണിയയിൽ കനത്ത നാശം വിതച്ച് കത്തിപടരുന്ന കാട്ടുതീ 10 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമായത്. ശക്തമായ കാറ്റ് വീശുന്നത് തീയണക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആയിരക്കണക്കിന് അഗ്‌നിശമനസേനാംഗങ്ങൾ നിരന്തരമായി ശ്രമം തുടരുകയാണ്. എയർ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണക്കുന്നത്. ലോസ് ആഞ്ചലസിനും സോനോമയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുത ലൈനുകളിലൂടെ കാട്ടുതീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നതിനാൽ 36 ജില്ലകളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചതായി ഊർജ്ജ കമ്പനിയായ പസഫിക് ഗ്യാസ് ആന്റ് ഇലക്ട്രിക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 20 ലക്ഷം ജനങ്ങളെയാണ് ഇത് നേരിട്ട് ബാധിച്ചത്.

കഴിഞ്ഞ ബുധനാഴ്ച്ച മുതലാണ് കാലിഫോർണിയയിൽ കാട്ടുതീ പടർന്നുപിടിച്ചത്. സോനോമ ജില്ലയിൽ മാത്രം 25,455 ഏക്കർ ഭൂപ്രദേശം ഇതിനോടകം കത്തിനശിച്ചു. 50 ലധികം കെട്ടിടങ്ങൾ തകർന്നു. ലോസ് ആഞ്ചലസിൽ 4,615 ഏക്കർ ഭൂപ്രദേശവും കത്തിനശിച്ചു. പസഫിക് ഗ്യാസ് ആന്റ് ഇലക്ട്രിക് കമ്പനിയുടെ വൈദ്യുത ലൈനിലെ ജമ്പറിലുണ്ടായ ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top