സൗദി സന്ദർശിക്കുന്നവർ 60,000 റിയാലിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ കസ്റ്റംസിനെ അറിയിക്കണമെന്ന് കർശന നിർദേശം

സൗദി സന്ദർശിക്കുന്നവർ 60,000 റിയാലിൽ കൂടുതൽ മൂല്യമുളള കറൻസി കൈവശം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നു കസ്റ്റംസിന്റെ കർശന നിർദേശം. മാത്രമല്ല, പരിധിയിൽ കൂടുതൽ പണം സൂക്ഷിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സൗദി സന്ദർശിക്കുന്നവരും രാജ്യത്തു നിന്നു മടങ്ങുന്നവരും നിശ്ചിത തുകയിൽ കൂടുതൽ കൈവശം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ കസ്റ്റംസിനെ അറിയിക്കണം. 60,000 റിയാലിൽ കൂടുതലുളള കറൻസി, സ്വർണം, ട്രാവലേഴ്സ് ചെക് എന്നിവ സംബന്ധിച്ച വിവരം കസ്റ്റംസിന്റെ പ്രത്യേക ഫോമിൽ രേഖാമൂലം സമർപ്പിക്കണം. പണം വെളുപ്പിക്കൽ, നികുതി തട്ടിപ്പ് എന്നിവ തടയുന്നതിനാണ് നിയമം കർശനമായി നടപ്പിലാക്കുന്നത്.
അതേസമയം, കഴിഞ്ഞ വർഷം പരിധിയിൽ കൂടുതൽ തുക വൈകശം സൂക്ഷിച്ചതിന് 778 കേസുകൾ രജിസ്റ്റർ ചെയ്തതായി നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഫൈനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ വിംഗ് അറിയിച്ചു.
കഴിഞ്ഞ വർഷം 27,622 യാത്രക്കാർ കൈവശമുളള പണം സംബന്ധിച്ച് രേഖ സമർപ്പിച്ചതായി സൗദി കസ്റ്റംസ് വ്യക്തമാക്കി. നിയമ ലംഘകർക്ക് 25 ശതമാനം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. അനധികൃത സമ്പാദ്യമാണെങ്കിൽ പണം കണ്ടുകെട്ടുകയും കേസ് പബ്ളിക് പ്രോസിക്യൂഷന് കൈമാറുമെന്നും കസ്റ്റംസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here