ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് അന്താരാഷ്ട്ര നിക്ഷേപ സംഗമത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി

നാളെ റിയാദിൽ ആരംഭിക്കുന്ന ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് അന്താരാഷ്ട്ര നിക്ഷേപ സംഗമത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി പബഌക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. 30 രാഷ്ട്രങ്ങളിൽ നിന്നുളള പ്രഗത്ഭർ ത്രിദിന സംഗമത്തിൽ പങ്കെടുക്കും. നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി റിയാദിലെത്തും.

സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിഷൻ 2030ന്റെ ഭാഗമായാണ് മൂന്നാമത് നിക്ഷേപ സംഗമത്തിന് റിയാദ് വേദിയാകുന്നത്. 30 രാഷ്ട്രങ്ങളിൽ നിന്നായി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച മുന്നൂറിലധികം പ്രഭഗത്ഭർ സംഗമത്തിൽ പങ്കെടുക്കും. ഇതിന് പുറമെ 6000 പ്രതിനിധികൾ ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തതായി സൗദി പബഌക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.

ലുലു ഇന്റർനാഷണൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ ഉൾപ്പെടെ 16 സംരംഭകർ സംഗമത്തിൽ പങ്കാളികളാണ്. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ നേട്ടം കൈവരിച്ച അന്താരാഷ്ട്ര രംഗത്തെ 21 കമ്പനികൾ പുതിയ കണ്ടുപിടുത്തങ്ങൾ സംഗമത്തിൽ പ്രദർശിപ്പിക്കും. കൺസൾട്ടിംഗ്, കോ ഓപ്പറേറ്റീവ് രംഗത്തുളള 12 മൾട്ടി നാഷണൽ കമ്പനികളും ത്രിദിന സംഗമത്തിൽ പങ്കെടുക്കും.

ഇന്ന് രാത്രി റിയാദ് റോയൽ ടെർമിനലിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിട്ടുളളത്. നാളെ രാവിലെ ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തു. ഉച്ചക്ക് നടക്കുന്ന ഫ്യൂചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സംഗമത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും. ഇതിനുപുറമെ ഇന്ത്യയും സൗദിയും പത്തിലധികം ഉഭയകക്ഷി കരാറുകൾ ഒപ്പുവെക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. നാളെ രാത്രി കിരീടാവകാശി ഒരുക്കുന്ന അത്താഴ വിരുന്നിന് ശേഷം പ്രധാനമന്ത്രി മടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More