കൂടത്തായി; റോയിയുടെ മരണ ശേഷം സ്വത്ത് കൈക്കലാക്കാൻ നിർദേശിച്ചത് അച്ഛൻ; അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും

കൂടത്തായ് വ്യാജ ഒസ്യത്തിലെ അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും. അച്ഛനും സഹോദരനും കേസിൽ പങ്കുള്ളതായി സൂചന. സ്വത്ത് കൈക്കലാക്കാൻ നിർദേശം നൽകിയത് ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം അന്വേഷണ സംഘം ജോളിയുടെ സാമ്പത്തിക ഇടപാടുകൾ അറിയാൻ കൂടത്തായിലെ ബാങ്കുകളിലും പരിശോധന നടത്തി.

കൂടത്തായി കൊലപാതക പരമ്പരയിൽ നിർണായകമായ വ്യാജ ഒസ്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും റവന്യൂ ഉദ്യോഗസ്ഥർക്ക് പുറമേ ജോളിയുടെ ബന്ധുക്കളിലേക്കുമാണ് അന്വേഷണം നീളുന്നത്. ജോളിയുടെ അച്ഛനെ കൂടാതെ കട്ടപ്പനയിലെ സഹോദരീ ഭർത്താവും സഹോദരനും കേസിൽ നിർണായക പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കട്ടപ്പനയിൽ നിന്ന് വിളിച്ചുവരുത്തിയ ഇവരെ ഒരാഴ്ചക്കാലമായി വടകരയിലെ റൂറൽ എസ് പി ഓഫീസിൽവച്ച് അന്വേഷ സംഘം ചോദ്യം ചെയ്തുവരികയാണ്.

റോയ് തോമസിന്റെ മരണശേഷം പെന്നാമറ്റത്തെ സ്വത്ത് കൈക്കലാക്കാൻ ജോളിക്ക് നിർദേശം നൽകിയത് അച്ഛനാണെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിനായി ജോളിയുടെ സഹോദരീ ഭർത്താവും സഹോദരനും സഹായം നൽകി. കേസിൽ വൈകാതെ കൂടുതൽ അറസ്റ്റും ഉണ്ടായേക്കും. ജോളിക്ക് അക്കൗണ്ടുള്ള ഓമശേരി സർവീസ് സഹകരണ ബാങ്കിന്റെ കൂടത്തായി ശാഖയിലും ഐസിഐസിഐ ബാങ്കിന്റെ താമരശ്ശേരി ശാഖയിലും അന്വേഷണ സംഘം പരിശോധന നടത്തി.

ജോളിയുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. അതേസമയം ടോം തോമസ് വധം അന്വേഷിക്കുന്ന കുറ്റ്യാടി സിഐയും അന്നമ്മ വധം അന്വേഷിക്കുന്ന പേരാമ്പ്ര സിഐയും കൂടത്തായിയിലെത്തി പൊന്നാമറ്റം വീട്ടിലെ വേലക്കാരി അന്നമ്മയുടെ മൊഴിയെടുത്തു. വടകര ഡിവൈഎസ്പി പ്രിൻസ് എബ്രഹാമും പൊന്നാമറ്റത്ത് എത്തിയിരുന്നു. അതിനിടെ സിലി വധക്കേസിൽ ജോളി സമർപ്പിച്ച ജാമ്യാപേക്ഷ താമരശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. ആൽഫൈൻ വധക്കേസിൽ അറസ്റ്റിലായ ജോളിയുടെ കസ്റ്റഡി അപേക്ഷയും നാളെ സമർപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top