കൊല്ലം കിഴക്കേകല്ലടയിലെ പബ്ലിക് മാര്‍ക്കറ്റിന്റെ ദുരവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തം

കൊല്ലം കിഴക്കെകല്ലടയിലെ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് മാര്‍ക്കറ്റിന്റെ ദുരവസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരുകാലത്ത് നല്ലരീതിയില്‍ വ്യാപാരം നടന്നിരുന്ന മാര്‍ക്കറ്റിന്റെ ദുരവസ്ഥയ്ക്ക് കാരണം അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പബ്ലിക് മാര്‍ക്കറ്റിന് 150 ല്‍പരം വര്‍ഷത്തെ ചരിത്രമുണ്ട്. ഒരുകാലത്ത് പുറം നാടുകളില്‍ നിന്നുപോലും ആളുകള്‍ എത്തിയിരുന്ന ഈ ചന്തയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. മീന്‍ കച്ചവടത്തിനുവേണ്ടി നിര്‍മിച്ചിരിക്കുന്ന കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞും കാടുകയറിയും കിടക്കുന്ന അവസ്ഥയാണ്. മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് മഴ പെയ്താല്‍ നനയുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നവര്‍ വാടക നല്‍കുന്നുണ്ടെങ്കിലും യാതൊരുവിധത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നില്ലെന്നാണ് പരാതി. ചന്തയിലേക്ക് ആരും വരുന്നില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

മലിനജലം കെട്ടിക്കിടക്കുന്നതുമൂലം സാംക്രമിക രോഗങ്ങള്‍ പടരുന്നതിനുള്ള സാധ്യതയും ഏറെയാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന മാര്‍ക്കറ്റിന്റെ നിലവിലെ അവസ്ഥ കാരണം ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പേരയം, പവിത്രേശ്വരം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും കാര്‍ഷിക വിഭവങ്ങള്‍ കച്ചവടം നടത്തിയിരുന്നവരില്‍ പലരും ഇപ്പോള്‍ എത്താതായി. മാര്‍ക്കറ്റിന്റെ നിലവിലെ അവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top