Advertisement

കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിന്മാറി

October 28, 2019
Google News 1 minute Read

കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ പ്രവേശിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇപ്പോള്‍ പിന്‍മാറുന്നതായി ഓര്‍ത്തഡോക്‌സ് വിഭാഗം. യാക്കോബായ പക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍മാറ്റം. പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ച് കോടതിയെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്‍ പ്രതികരിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കാനോ, സംരക്ഷണം തരാനോ പൊലീസിനെക്കൊണ്ട് സാധിക്കുന്നില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ഇവിടെ തുടരുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പിന്മാറുന്നത്. ക്രമസമാധാന പ്രശ്‌നത്തിലേക്ക് വിഷയം മാറരുതെന്ന് ആഗ്രഹമുള്ളതിനാലാണ് പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. 1934 ലെ സഭാ ഭരണഘടന നടപ്പാക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മെത്രാപ്പോലീത്തമാരുടെയും തോമസ് പോള്‍ റമ്പാന്റെയും നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയത്.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സുരക്ഷയൊരുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി വിധി നടപ്പാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്നലെ രാത്രി മുതല്‍ നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളിലും പുറത്തുമായി നിലയുറപ്പിച്ചു. പള്ളിയില്‍ നിന്നിറങ്ങാന്‍ പൊലീസ് നിര്‍ദേശം നല്‍കിയെങ്കിലും യാക്കോബായ വിഭാഗം പ്രതിഷേധം തുടര്‍ന്നു. പിന്നീട് പൊലീസുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് തല്‍ക്കാലം പള്ളിയില്‍ കയറാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുന്നതായി ഓര്‍ത്തഡോക്സ് നേതൃത്വം അറിയിച്ചത്.

Read More:യാക്കോബായ-ഓർത്തഡോക്‌സ് തർക്കം; കോതമംഗലം പളളിയിൽ കോടതി ഉത്തരവ് നടപ്പാക്കാൻ നീക്കം

പൊലീസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി നീങ്ങാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തീരുമാനം. അതേസമയം പള്ളി വിട്ടു നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ആലുവ എഎസ്പിയുടെയും മൂവാറ്റുപുഴ ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ അഞ്ഞുറോളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. മുമ്പ്് മൂന്നുതവണ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയാണ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here