അറബിക്കടലില്‍ ‘മഹാ’ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കാറ്റോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.അറബിക്കടലില്‍ ലക്ഷദ്വീപ്, മാലിദ്വീപ് കോമോറിന്‍ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. ഈ അതിതീവ്ര ന്യൂനമര്‍ദമാണ് ഇപ്പോള്‍ ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍,പാലക്കാട്,കോഴിക്കോട്,വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെഎറണാകുളം,തൃശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണം.ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റുന്നതിനായി ക്യാമ്പുകള്‍ തുറക്കുന്നതിനും നിര്‍ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളിലും, അപകട മേഖലകളിലും താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ന്യൂനമര്‍ദ പ്രഭാവമുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടോള്‍ ഫ്രീ നമ്പറായ 1077ല്‍ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top