കൊച്ചിയിൽ പുതിയ മേയർ: തീരുമാനം ഇന്നുണ്ടായേക്കുമെന്ന് ഡൊമിനിക് പ്രസന്റേഷൻ ട്വന്റിഫോറിനോട്

കൊച്ചിയിൽ പുതിയ മേയർ ഇന്നുണ്ടായേക്കുമെന്ന് കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ. എറണാകുളത്തെ കോൺഗ്രസ് നേതാക്കളുടെ ആവശ്യം കെപിസിസി അംഗീകരിക്കും.
രാജി വക്കുമെന്ന രണ്ട് വനിതാ കൗൺസിലർമാരുടെ പ്രതികരണം തികച്ചും വൈകാരികം മാത്രമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
അതേ സമയം സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തിനെതിരെ കൂടുതൽ യുഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് സൗമിനി ജെയിനെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഈ തീരുമാനം കോർപ്പറേഷൻ ഭരണത്തെ ബാധിക്കുമെന്നും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ലീഗ് നേതാവുമായ ഹാരിസ് ട്വന്റിഫോറിനോട് പറഞ്ഞു.
സംസ്ഥാനത്തെ യുഡിഎഫിന്റെ നിർണായക ഭരണകേന്ദ്രമാണ് കൊച്ചി കോർപ്പറേഷൻ. നേതാക്കളുടെ പിടിവാശി കാരണം കോർപറേഷന്‍ ഭരണം നഷ്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗമിനി ജെയിനെ മാറ്റാനുള്ള കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തിൽ മുന്നണിയിൽ ഭിന്നാഭിപ്രായമാണുള്ളത്.
മേയറെ മാറ്റാനുള്ള തീരുമാനത്തിനെതിരെ ഇന്നലെ രണ്ട് വനിതാ കൗൺസിലർമാർ രംഗത്ത് വന്നിരുന്നു. സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ യുഡിഎഫിന് കോർപറേഷന്‍ ഭരണം നഷ്ടമാകുമെന്ന ഭീഷണിയാണ് വിമത വിഭാഗം ഉയർത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here