ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തെ നവംബർ പതിമൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി ചിദംബരത്തെ നവംബർ പതിമൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. ഒരു ദിവസം കൂടി കസ്റ്റഡി വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. തിഹാർ ജയിലിൽ പ്രത്യേക സെല്ലും, പാശ്ചാത്യ ടോയ്‌ലറ്റും, വീട്ടിൽ നിന്നുള്ള ഭക്ഷണവും ചിദംബരത്തിന് അനുവദിച്ചു. ചിദംബരത്തിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ആവശ്യങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.

ഐഎൻഎക്‌സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 22ന് കേസ് പരിഗണിച്ചപ്പോൾ ചിദംബരത്തിന് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ എടുത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

2007ൽ ധനമന്ത്രിയായിരിക്കെ ഐഎൻഎക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ ഫണ്ട് സ്വീകരിക്കുന്നതിൽ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയതിൽ ക്രമക്കേട് നടത്തി എന്നാണ് ചിദംബരത്തിനെതിരെ നിലനിൽക്കുന്ന കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top