ടി-20 ലോകകപ്പ് കളിക്കാൻ നെതർലൻഡ്സും

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടി നെതർലൻഡ്സും. അയര്‍ലണ്ടിനും പാപ്പുവ ന്യൂഗിനിയയ്ക്കും നമീബിയക്കും പുറമേയാണ് നെതർലൻഡ്സും സീറ്റുറപ്പിച്ചത്. യോഗ്യതാ മത്സരത്തില്‍ യുഎഇയെ പരാജയപ്പെടുത്തിയാണ് നെതര്‍ലന്‍ഡ്സ് ലോകകപ്പിലേക്ക് യോഗ്യത നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ അവിശ്വസനീയമായി തകർന്നടിഞ്ഞു. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. അഞ്ചു വിക്കറ്റിന് ഒൻപത് റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞ അവരെ നായകന്‍ അഹമ്മദ് റാസ(22) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സ് 15.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഈ മത്സരത്തിലെ പരാജയം യുഎഇയുടെ ലോകകപ്പ് സാധ്യതകളെ ഇല്ലാതാക്കിയിട്ടില്ല. അടുത്ത കളിയില്‍ സ്‌കോട്ട്‌ലന്‍ഡിനെ പരാജയപ്പെടുത്തിയാല്‍ യുഎഇയ്ക്കും ലോകകപ്പിലേയ്ക്ക് സാധ്യത ഉണ്ട്.
നേരത്തെ പാപ്പുവ ന്യൂഗിനിയയും നമീബിയയും തങ്ങളുടെ ആദ്യ ടി-20 ലോകകപ്പിലേക്കാണ് യോഗ്യത നേടിയത്. ഒമാനെ 54 റൺസിനു പരാജയപ്പെടുത്തിയാണ് നമീബിയ ഓസ്ട്രേലിയയിലേക്ക് ടിക്കറ്റെടുത്തത്. കെനിയയെ 45 റൺസിനു പരാജയപ്പെടുത്തൊയാണ് പാപ്പുവ ന്യൂഗിനിയ ലോകകപ്പിനു യോഗ്യത നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here