Advertisement

അറബിക്കടലില്‍ നിരനിരയായ ചുഴലിക്കാറ്റുകള്‍; കാരണം എന്ത്..?

October 31, 2019
Google News 1 minute Read

ഈ വര്‍ഷം അറബിക്കടലിലെ വായു, ഹിക്ക, ക്യാര്‍ എന്നിവയ്ക്ക് ശേഷം രൂപം കൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് മഹാ. സാധാരണയായി, അറബിക്കടലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുതലാണ്. എന്നിരുന്നാലും, ഈ വര്‍ഷം സ്ഥിതി വ്യത്യസ്തമാണ് ഇതിന് കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ..?

ചുഴലിക്കാറ്റ് രൂപപ്പെടുന്നത് എങ്ങനെ..?

ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് ആവശ്യമായ ആദ്യത്തെ ഘടകം ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ സമുദ്രജലമാണ്. അതുകൊണ്ടാണ് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രോപരിതലത്തില്‍ നിന്ന് കുറഞ്ഞത് 50 മീറ്ററെങ്കിലും താഴെയും 27 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനില്‍ക്കുന്നിടത്തും മാത്രം രൂപപ്പെടുന്നത്. ഇതിനു ആവശ്യമായ രണ്ടാമത്തെ ഘടകം കാറ്റാണ്.
കാറ്റ് സമുദ്രത്തിന്റെ ഉപരിതലത്തിലൂടെ കടന്നുപോകുമ്പോള്‍ വെള്ളം ബാഷ്പീകരിക്കപ്പെടുകയും (നീരാവി ആയി മാറുകയും) ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നു. ഉയരുമ്പോള്‍ നീരാവി തണുക്കുകയും വലിയ ജലത്തുള്ളികളായി മാറി ‘ക്യൂമിലോനിംബസ്’ എന്നറിയപ്പെടുന്ന മഴമേഘങ്ങള്‍ ആയി രൂപപ്പെടുകയും ചെയ്യുന്നു. സമുദ്രത്തില്‍ നിന്നുള്ള നീരാവി ഘനീഭവിച്ച് മേഘങ്ങളാകുമ്പോള്‍ അത് അതിന്റെ താപം വായുവിലേക്ക് വിടുന്നു. ഈ ചൂടായവായു ഉയര്‍ന്നു നിലവില്‍ രൂപപ്പെട്ട മേഘങ്ങളിലേക്ക് വലിച്ചെടുക്കപ്പെടുന്നു. ബാഷ്പീകരണവും ഘനീഭവിക്കലും തുടര്‍ന്ന് നിലവില്‍ ഉള്ള മേഘനിര കൂടുതല്‍ വലുതാവുകയും ഉയരുകയും ചെയ്യപ്പെടുന്നു. ഈ പ്രക്രിയ തുടരുമ്പോള്‍ കാറ്റ് ഒരു കേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന രീതിയില്‍ ഉള്ള ഒരു മാതൃക രൂപാന്തരപ്പെടുന്നു. ഈ കറങ്ങുന്ന കാറ്റിന്റെ വേഗത അനുസരിച്ചാണ് ചുഴലിക്കാറ്റുകളുടെ തീവ്രത നിശ്ചയിച്ചു വിവിധ വിഭങ്ങളായി തരം തിരിക്കുന്നത്.

എന്തുകൊണ്ട് അറബിക്കടലില്‍…?

എന്തുകൊണ്ടാണ് അറബിക്കടലില്‍ ഈ വര്‍ഷം കൂടുതല്‍ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളുന്നത്? അറബിക്കടലിലെ താപനില ചുഴലിക്കാറ്റിന്റെ രൂപാന്തരണത്തിനു സഹായകമാകുന്ന വിധത്തില്‍ അല്ല. പക്ഷെ ആഗോളതാപനം മൂലം താപനിലയില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലും സമുദ്രത്തിലും രൂപപ്പെടുന്ന നിരവധി പ്രതിഭാസങ്ങള്‍ അന്തരീക്ഷവസ്ഥയിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തും. ഈ വര്‍ഷം ഇന്ത്യന്‍ സമുദ്രത്തില്‍ രൂപപ്പെട്ടിട്ടുള്ള ദ്വിദ്രുവ താപനില വ്യത്യാസവും ( ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്നറിയപ്പെടുന്ന പ്രതിഭാസം) മാഡന്‍ ജൂലിയന്‍ ആന്ദോളനവും വര്‍ധിച്ച ന്യുനമര്‍ദ മേഖലകള്‍ രൂപപ്പെടുന്നതിനു വലിയരീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (IOD)

പ്രതിവര്‍ഷമുള്ള മധ്യ പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേയും മധ്യകിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും താപനിലയിലുള്ള വ്യത്യാസത്തെയാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ അഥവാ ഇന്ത്യന്‍ സമുദ്രത്തിലെ ദ്വിദ്രുവ താപനില വ്യത്യാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ വ്യത്യാസങ്ങള്‍ ഇന്ത്യന്‍ സമുദ്രത്തിലെയും ചുറ്റപ്പെട്ട പ്രദേശങ്ങളിലെയും അന്തരീക്ഷാവസ്ഥ വ്യതിയാനങ്ങള്‍ക്ക് കാരണമാകും. മൂന്നു ഘട്ടങ്ങളില്‍ ആയാണ് ഐഒഡി വ്യത്യാസപ്പെടുന്നത്. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍ എന്നിങ്ങനെയാണ് ഘട്ടങ്ങള്‍.

എന്താണ് പോസിറ്റീവ് ഘട്ടം..?

ചില സമയങ്ങളില്‍ അന്തരീക്ഷത്തിലെ പടിഞ്ഞാറുനിന്നുള്ള കാറ്റ് ദുര്‍ബലമാവുകയും കിഴക്കന്‍ കാറ്റ് ശക്തമാകുകയും ചെയ്യുന്നു, ഇത് കിഴക്കു വശത്തു നിന്നും സമുദ്ര ജലത്തെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് മാറാന്‍ സഹായിക്കുന്നു. സൂര്യതാപമേറ്റ് ചൂടായ ജലം കിഴക്കന്‍ മധ്യ മേഖലയില്‍ നിന്നും പടിഞ്ഞാറോട്ട് നീങ്ങുന്നത് മൂലം, മധ്യകിഴക്കന്‍ ഭാഗങ്ങളിലായി സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ജലം മുകളിലോട്ട് പൊങ്ങി വരുന്നതിനു കാരണമാകുന്നു. തന്മൂലം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യ പടിഞ്ഞാറന്‍ മേഖലകളില്‍ താപനില കൂടുകയും കിഴക്കന്‍ മേഖലകളില്‍ കുറയുകയും ചെയ്യുന്നു. ഇപ്പോള്‍ പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ഘട്ടമാണ് നിലനില്‍ക്കുന്നത്. സമുദ്രത്തിന്റെ മധ്യ പടിഞ്ഞാറന്‍ മേഖലയിലെ താപനില കൂടുമ്പോള്‍, അതിന് മുകളില്‍ ഉള്ള ഉയര്‍ന്ന താപനിലയില്‍ ഉള്ള വായു ചുറ്റുമുള്ള കുറഞ്ഞ താപനിലയുള്ള വായുവിനേക്കാള്‍ സാന്ദ്രത കുറവായതിനാല്‍ മുകളിലേക്ക് ഉയരുന്നു. മുകളിലേക്ക് പോകുംതോറും മര്‍ദവും താപനിലയും കുറയുന്നതിനാല്‍ ഘനീഭവിക്കപ്പെട്ടു മേഘങ്ങളുടെ രൂപാന്തരണത്തിനു കാരണമാകുന്നു.

മാഡന്‍ ജൂലിയന്‍ ആന്തോളനം (M-JO)

മേഘങ്ങള്‍, മഴ, കാറ്റ്, മര്‍ദം എന്നിവയുടെ കിഴക്കോട്ട് നീങ്ങുന്ന അസ്വസ്ഥതയാണ് മാഡന്‍ ജൂലിയന്‍ ആന്ദോളനം(MJO) എന്നറിയപ്പെടുന്നത്. ഈ പ്രതിഭാസം ഉഷ്ണമേഖലാ പ്രദേശങ്ങളിലുടെ നീങ്ങുകയും ശരാശരി 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ അതിന്റെ പ്രാരംഭ സ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുന്നു. ഒരു സീസണിനുള്ളില്‍ ഒന്നിലധികം മാഡന്‍ ജൂലിയന്‍ ആന്ദോളനം പ്രതിഭാസങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഈ പ്രതിഭാസത്തെ ഋതുക്കള്‍ക്കകത്തുള്ള ഉഷ്ണമേഖലാ കാലാവസ്ഥാ വ്യതിയാനം എന്നാണ് വിശേഷിപ്പിക്കുന്നത്. നിലവില്‍ ഉള്ള അവസ്ഥയില്‍ മാഡന്‍ ജൂലിയന്‍ ആന്ദോളനത്തിന്റെ ഭാഗമായി കണ്‍വേക്ഷന്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ മുകളില്‍ ആണ് നടക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോളിന്റെ പോസിറ്റീവ് ഘട്ടം ഇതിനു വളരെ അതികം സഹായകമാകുകയും ചെയ്യുന്നുണ്ട്.

മഹാ ചുഴലിക്കാറ്റ്

ഈ വര്‍ഷം അറബിക്കടലിലെ വായു, ഹിക്ക, ക്യാര്‍ എന്നിവയ്ക്ക് ശേഷം രൂപം കൊള്ളുന്ന നാലാമത്തെ ചുഴലിക്കാറ്റായിരിക്കും മഹ. സാധാരണയായി, അറബിക്കടലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുതലാണ്. എന്നിരുന്നാലും, ഈ വര്‍ഷം സ്ഥിതി വ്യത്യസ്തമാണ്, അറേബ്യന്‍ കടലില്‍ ഇതിനകം മൂന്ന് ചുഴലിക്കാറ്റുകള്‍ ഉണ്ട്, നാലാമത്തേത് വളരെ വേഗം രൂപം കൊള്ളുന്നു.കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ ലക്ഷദ്വീപിനും തൊട്ടടുത്ത തെക്കുകിഴക്കന്‍ അറേബ്യന്‍ കടലിനും മുകളിലുള്ള സൈക്ലോണിക് കൊടുങ്കാറ്റ് മഹാ വടക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപ് പ്രദേശത്ത് കടുത്ത ചുഴലിക്കാറ്റായും കിഴക്കന്‍ മധ്യ അറേബ്യന്‍ കടലില്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ സിവിയര്‍ സൈക്ലോണിക് കൊടുങ്കാറ്റായും മഹാരൂക്ഷമാകാന്‍ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറില്‍ കേരളം, തീരദേശ കര്‍ണാടക, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കേന്ദ്ര അറേബ്യന്‍ കടലിനു മുകളിലുള്ള കടലിന്റെ അവസ്ഥ അടുത്ത ആറ് മണിക്കൂറിനുള്ളില്‍ വളരെ പരുക്കനായതും തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ അസാധാരണമായതുമായിരിക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

– ഗോപിക 
കാലാവസ്ഥ വ്യതിയാന ഗവേഷണ വിദ്യാര്‍ത്ഥി,
(നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, ഗോവ)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here