Advertisement

രാജ്യം ഉരുക്ക് വനിതയുടെ ഓർമയിൽ

October 31, 2019
Google News 1 minute Read

ലോക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായ ഇന്ദിരാ ഗാന്ധിയുടെ ഓർമകൾക്ക് ഇന്ന് 35 വയസ്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി. ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി. അങ്ങനെ ഇന്ത്യൻ ചരിത്രത്തിൽ ധീരോദാത്തമായ സ്ഥാനമാണ് ഇന്ദിരാ ഗാന്ധിക്കുള്ളത്. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാര കേന്ദ്രീകരണത്തിന്റേയും, കർക്കശ പെരുമാറ്റത്തിന്റേയും പ്രതീകമായിരുന്നു ഇന്ദിരാ ഗാന്ധി.

ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം ശക്തിപ്പെടുമ്പോഴാണ് ഇന്ദിരാ ഗാന്ധിയുടെ ജനനം. സ്വാതന്ത്ര്യ സമരവുമായി ഇഴുകിച്ചേർന്ന കുടുംബമായിരുന്നതിനാൽ അച്ഛൻ ജവഹർലാൽ നെഹ്‌റുവിന്റെയോ മുത്തച്ഛൻ മോത്തിലാൽ നെഹ്‌റുവിന്റേയോ സാമീപ്യം ബാല്യകാലത്ത് ഇന്ദിര അനുഭവിച്ചിട്ടില്ല. അമ്മയോടൊപ്പം തികച്ചും ഏകാന്തവാസമായിരുന്നു ഇന്ദിരയുടേത്.

1933 ൽ പൂനെയിലെ പ്യൂപ്പിൾസ് ഓൺ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഇന്ദിര 1936 ൽ ഓക്‌സ്ഫഡ് സർവകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്നു. ബിരുദ പഠനകാലത്തിനിടക്കുള്ള അമ്മയുടെ വിയോഗം ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആകെ പിടിച്ചുലച്ചു. യൂറോപ്പിലെ പഠന നാളുകൾ ഫിറോസ് ഗാന്ധിയുമായുള്ള അടുപ്പത്തിന് വഴിതെളിച്ചു.

1959ൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാ ഗാന്ധി, നെഹ്‌റുവിന്റ മരണശേഷം രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
1966 ജനുവരി മുതൽ 1977 മാർച്ച് വരെയും 1980 ജനുവരി മുതൽ 1984 ഒക്ടോബർ വരെയും ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ  പ്രധാനമന്ത്രിപദം അലങ്കരിച്ചു. പ്രധാന മന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ദിര സ്വീകരിച്ച ധീരോദാത്തമായ തീരുമാനങ്ങൾ  ‘ഇന്ത്യയുടെ ഉരുക്ക് വനിത’ എന്ന വിശേഷണത്തിന് ഇന്ദിരാഗാന്ധിയെ അർഹയാക്കി.

ഖാലിസ്ഥാൻ പ്രസ്ഥാനത്തെ അടിച്ചമർത്താൻ ഇന്ദിരാ ഗാന്ധി സ്വീകരിച്ച നടപടികൾക്ക് പകരമായി ജീവൻ തന്നെ നൽകേണ്ടി വന്നു. സിഖ് മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ സുവർണ്ണക്ഷേത്രത്തിൽ നടത്തിയ ‘ഒാപ്പറേഷൻ ബ്ലുസ്റ്റാർ’ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ ഇന്ദിരയുടെ സുരക്ഷാസന്നാഹത്തിൽ അഴിച്ചുപണി വേണമെന്ന് ഇന്റലിജൻസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ‘are we secular’ എന്ന ചോദ്യത്തോടെ ഇന്ദിരe ഗാന്ധി ആ ആവശ്യത്തെ നിരാകരിക്കുകയായിരുന്നു.

1984 ഒക്ടോബർ 31 ന് രാവിലെ ബ്രിട്ടീഷ് നാടകകൃത്ത് പീറ്റർ ഉസ്തിനോവിന്റെ ടെലിവിഷൻ സംഘവുമായുള്ള അഭിമുഖത്തിനായി ഡൽഹിയിലെ അക്ബർറോഡിലെ ഒന്നാം നമ്പർ മന്ദിരത്തിലെ ഓഫീസിലേക്ക് നടന്നുവരികയായിരുന്ന ഇന്ദിരാഗാന്ധി. വീട്ടിനുള്ളിൽനിന്ന് ഇറങ്ങി ഒരു മിനിറ്റുകൊണ്ട് ഇന്ദിര ഓഫീസ് ഗേറ്റിനടുത്തെത്തി. അവിടെ സബ് ഇൻസ്‌പെക്ടർ ബിയാന്ത്‌സിങ് നിൽപ്പുണ്ടായിരുന്നു. ഒമ്പതുകൊല്ലമായി തന്റെ സുരക്ഷാ സേനയിലുള്ള ബിയാന്ത് സിങിനെ കണ്ട് ഇന്ദിര പുഞ്ചിരിച്ചു. ബിയാന്തിന്റെ മറുപടി പക്ഷേ വെടിയുണ്ടകളുടെ രൂപത്തിലായിരുന്നു. തന്റെ റിവോൾവറിൽ നിന്ന് ബിയാന്ത് ഇന്ദിരയുടെ ഉദരത്തിനു നേർക്ക് നിറയൊഴിച്ചു. ഇന്ദിര നിലത്തു വീണപ്പോൾ സത് വന്ത് സിങ് എന്ന കോൺസ്റ്റബിൾ തന്റെ സബ് മെഷീൻഗണ്ണിൽ നിന്ന് ഇന്ദിരയുടെ നേർക്ക് 30 റൗണ്ട് തീ തുപ്പി. വെടിയൊച്ച ഒരു ഇന്ത്യയെ ആകെ നടുക്കി. ഇന്ദിരാ പ്രിയദർശനി ചരിത്ര താളുകളിൽ മറഞ്ഞു.

വെടിയേൽക്കുന്നതിന് ഒരു ദിവസം മുൻപ്  ഒറീസയിലെ സെക്രട്ടറിയേറ്റ് പരേഡിനെ അഭിസംബോധന ചെയ്ത് ഇന്ദിരാ ഗാന്ധി ഇങ്ങനെ പറഞ്ഞു… ‘ഇന്ന് ഞാൻ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും. എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. രാജ്യ സേവനത്തിന്റെ പേരിൽ ജീവൻ വെടിയേണ്ടി വന്നാലും ഞാൻ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ ശാക്തീകരണത്തിന് വേണ്ടി മാത്രമായിരിക്കും’

വിസ്മയകരമായിരുന്നു ഇന്ദിരയുടെ ജീവിതം. ഒരുപോലെ ആരാധിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്ത ചുരുക്കം പ്രധാനമന്ത്രിമാരിൽ ഒരാൾ. ബാങ്ക് ദേശസാത്കരണം, മതേതരത്വത്തിന്റെ സംരക്ഷണത്തിനായി എടുത്ത ധീരമായ നിലപാടുകൾ, സൈലന്റ് വാലി പോലെയുള്ള പരിസ്ഥിതി സൗഹാർദ നടപടികൾ, ഭരണതലത്തിൽ പലതവണ ഇന്ദിര കൈയടി നേടിയപ്പോൾ അടിയന്തരാവസ്ഥയിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പുചെയ്തതിന്റെ പേരിൽ ഏറെ പഴികേട്ടു. 35 വർഷത്തിനിപ്പുറവും ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ ആരാധകരാൽ വാഴ്ത്തപ്പെടുകയും വിമർശകരാൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അദൃശ്യ സാന്നിധ്യമാണ് ഇന്ദിരാ ഗാന്ധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here