കടല്‍ക്ഷോഭം: ഫോര്‍ട്ട്‌കൊച്ചിയില്‍ 30 വള്ളങ്ങള്‍ തകര്‍ന്നു

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ‘മഹാ’ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കടല്‍ക്ഷോഭം ശക്തമാകുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ പുലര്‍ച്ചെയുണ്ടായ കടല്‍ക്ഷോഭത്തില്‍ 30 ഓളം വള്ളങ്ങള്‍ തകര്‍ന്നു. വലകളും നഷ്ടമായി. പുലര്‍ച്ചെ മൂന്നോടെയാണ് കടല്‍ക്ഷോഭം ശക്തമായത്. വള്ളം ഒഴുകിപ്പോകാതെ മത്സ്യത്തൊഴിലാളികള്‍ ഇവ കരയിലേക്ക് കയറ്റിവച്ചിട്ടുണ്ട്.
കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ പോയിട്ടില്ല. എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ പലയിടത്തും കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. താന്തോന്നി തുരുത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
എല്ലാ ജില്ലകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടോള്‍ ഫ്രീ നമ്പറായ 1077ല്‍ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here