അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ നടത്തിയ മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ നടത്തിയ മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക. വടക്ക് പടിഞ്ഞാറൻ സിറിയയിൽ നടത്തിയ ആക്രമണത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

സൈന്യം താവളത്തിനു നേരെ വെടിയുതിർക്കുന്നതും തുരങ്കത്തിലൂടെ രക്ഷപ്പെടാനുള്ള ബാഗ്ദാദിയുടെ നീക്കവുമെല്ലാം യുഎസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാവേറായി അബൂബക്കർ ബാഗ്ദാദി പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റെയ്ഡിന് ശേഷം ബാഗ്ദാദി ഒളിച്ചുതാമസിച്ചിരുന്ന കെട്ടിടവും കോമ്പൗണ്ടും സൈന്യം തകർത്തെന്നും അവശേഷിക്കുന്നത് ഒരു വലിയ ഗർത്തം മാത്രമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് മേധാവി കെന്നത്ത് മക്കെൻസി വ്യക്തമാക്കി. ബാഗ്ദാദിയോടൊപ്പം രണ്ട് കുട്ടികളും തുരങ്കത്തിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടതായി മക്കെൻസി കൂട്ടിച്ചേർത്തു.

സിറിയയിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബിൽ അമേരിക്കൻ സൈന്യം നടത്തിയ സൈനിക നടപടിയിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ബാഗ്ദാദി ഒളിച്ചു താമസിച്ച കെട്ടിടത്തിലേക്ക് കടന്ന സൈന്യം നേരിയ ഏറ്റുമുട്ടലിലൂടെയാണ് ബാഗ്ദാദിയെ പരാജയപ്പെടുത്തിയത്. എന്നാൽ പരാജയം ഉറപ്പായതോടെ ചാവേറായി അബൂബക്കർ ബാഗ്ദാദി പൊട്ടിത്തെറിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top