അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: സിപിഐഎമ്മിൽ അമർഷം പുകയുന്നു

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിഷയത്തിൽ സിപിഐഎമ്മിൽ അമർഷം പുകയുന്നു. പൊലീസ് ന്യായം അതേപടി വിശ്വസിക്കരുതെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. നിലവിലെ ഇടതു ഭരണത്തിൽ മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് ആദ്യ സംഭവമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. അതേ സമയം അട്ടപ്പാടിയിലേത് ഏറ്റുമുട്ടലെന്ന നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി ആവർത്തിച്ചു.
വ്യാജ ഏറ്റുമുട്ടലാണ് അട്ടപ്പാടിയിലുണ്ടായതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. അട്ടപ്പാടി സംഭവം പരിശോധിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കി.
അതിനിടെ അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലങ്ങൾ സിപിഐ സംഘം സന്ദർശിച്ചു. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ വ്യാജമാണെന്ന ആരോപണങ്ങൾക്കിടെയാണ് സിപിഐ സംഘത്തിൻറെ സന്ദർശനം. വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു
അട്ടപ്പാടി സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണ് സർക്കാർ. സംഭവത്തിൽ സർക്കാരിന് കൈ കഴുവാനാവുമോ ചോരക്കറ പുരളുമോ എന്നത് റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കും.