കൂടത്തായി കേസ് അന്വേഷണത്തിൽ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മാവോയിസ്റ്റ് ഏറ്റുമുട്ടലിലും, വാളയാർ കേസിലെ അന്വേഷണ വീഴ്ചയിലും ആക്ഷേപം ശക്തമാകുന്നതിനിടെ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. കൂടത്തായി കേസന്വേഷണം ചൂണ്ടിക്കാട്ടിയാണ് കേരള പൊലീസ് രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

വാളയാർ പീഡനക്കേസിൽ പ്രതികൾ രക്ഷപെടാനിടയായത് പൊലീസ് അന്വേഷണത്തിലെ വീഴ്ച്ച മൂലമെന്നാണ് ആക്ഷേപം. പാലക്കാട് മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്ന് സിപിഐ തന്നെ ആരോപണം ഉന്നയിച്ചു. ഈ ആക്ഷേപങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുത്ത പൊലീസ് പരിപാടിയാണ് തിരുവനന്തപുരം എസ്.എ.പി ക്യാംപിൽ നടന്ന കേരളപ്പിറവി ദിനാഘോഷം. പരിപാടിയിൽ പതിവ് പോലെ മുഖ്യമന്ത്രി കേരള പൊലീസിനെ ഉപദേശിച്ചില്ല. പകരം കൂടത്തായി കേസന്വേഷണം ചൂണ്ടിക്കാട്ടി അഭിനന്ദിച്ചു. പൊലീസിന്റെ മുൻവിധികളില്ലാത്ത അന്വേഷണ രീതികളെ മുഖ്യമന്ത്രി വാനോളം പുകഴ്ത്തി.

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റെയ്‌സിംഗ് ഡേ പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, പൊലീസ് നായ്ക്കൾക്ക് ആദ്യമായി ഏർപ്പെടുത്തിയ മെഡലുകൾ തുടങ്ങിയവ പരിപാടിയിൽ വിതരണം ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top