കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ വധക്കേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച വരെ നീട്ടി

കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഞായറാഴ്ച്ച വരെ നീട്ടി. റോയ് വധക്കേസിൽ ജോളിയുടെ രണ്ട് മക്കളും കുന്ദമംഗലം മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകി.
പ്രതി ജോളിയെ ചോദ്യം ചെയ്തതിൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തതായി സംശയിക്കുന്നുവെന്നാണ് അന്വേഷണ സംഘം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ അറിയിച്ചത്. കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി നൽകണമെന്ന അപേക്ഷച്ചെങ്കിലും പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി ഞായറാഴ്ച നാലുമണി വരെ കസ്റ്റഡി കാലാവധി നീട്ടി നൽകി. ജോളിയെ എൻഐടിയി ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, പൊലീസ് കസ്റ്റഡി ഇനിയും നീട്ടുന്നത് അനീതിയാണെന്ന് പ്രതിഭാഗം വാദിച്ചു. പിതാവ് റോയ് തോമസിന്റെ മരണത്തിൽ മാതാവ് ജോളിക്ക് എതിരെ രണ്ട് മക്കളും രഹസ്യമൊഴി നൽകി. നാളിതുവരെയുള്ള അന്വേഷണത്തിൽ പൂർണ തൃപ്തരാണെന്ന് റോയുടെ സഹോദരി രെഞ്ചിയും പറഞ്ഞു. സിലിയുടെ കൊലപാതകത്തിൽ സഹോദരൻ സിജോയുടെ രഹസ്യ മൊഴിയും കോടതിയിൽ രേഖപ്പെടുത്തും. കൂടാതെ ജോളിയുടെ ഒപ്പും കയ്യക്ഷരവും താമരശ്ശേരി കോടതിയിൽ രേഖപ്പെടുത്തും. വ്യാജ ഒസ്യത്തുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here