Advertisement

ഡൽഹിയിലെ ആരോഗ്യ അടിയന്തരാവസ്ഥ; ഉത്തരവ് പാലിക്കുന്നത് ഉറപ്പ് വരുത്താൻ സർക്കാർ നിരീക്ഷണം ശക്തമാക്കി

November 2, 2019
Google News 0 minutes Read

ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മലിനീകരണം കുറക്കാൻ ഇറക്കിയ ഉത്തരവ് പാലിക്കുന്നത് ഉറപ്പ് വരുത്താൻ സർക്കാർ നിരീക്ഷണം ശക്തമാക്കി. മലിനീകരണം അതി രൂക്ഷമായ സാഹചര്യത്തിൽ, ഇന്നു മുതൽ നഗരത്തിലെ വിദ്യാലയങ്ങൾക്ക് സർക്കാർ അവധി നൽകി. സർക്കാർ ജീവനക്കാരുടെ ജോലി സമയം പുനഃക്രമികരിച്ചു. വായു മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് തിങ്കളാഴ്ച്ച മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രിംകോടതിയ്ക്ക് കൈമാറും.

ഇന്നലെയാണ് ഡൽഹി നഗരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിദ്യാലയങ്ങൾക്ക് ഇന്നു മുതൽ ചൊവ്വാഴ്ച വരെ അവധി നൽകി. സർക്കാർ ഓഫിസുകളുടെ പ്രവർത്തനം 9.30 മുതൽ 6 വരെയും രാത്രി 10.30 മുതൽ 7 വരെ എന്നിങ്ങനെയായി പുനഃക്രമീകരിച്ചു. കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നതിനും പ്രഭാത സവാരിക്കും നിയന്ത്രണം ഏർപ്പെടുത്തി. പല മേഖലകളിലും മൂടൽ മഞ്ഞ് രൂക്ഷമായതോടെ കാഴ്ച്ച പരിധി കുറയുന്ന സാഹചര്യവുമുണ്ട്. മുഖാവരണം ധരിച്ച് പുറത്തിറങ്ങാനാണ് സർക്കാറിന്റെ അഭ്യർത്ഥന. കെട്ടിട  നിർമാണ പ്രവർത്തനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക് കൂടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഇതിനു പുറമേ ശീതകാലം കഴിയുന്നത് വരെ പടക്കങ്ങൾ പൊട്ടിക്കുന്നത് നിരോധിച്ച് ഇന്നലെ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിറക്കിയിരുന്നു. മലിനീകരണ നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട വാഹന നിയന്ത്രണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതനുസരിച്ച് വാഹനങ്ങൾക്ക്  ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും ഡൽഹി നഗരത്തിൽ സഞ്ചരിക്കാൻ അനുമതി ഉണ്ടാവുക.

വായു മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന പ്രത്യേക റിപ്പോർട്ട് തിങ്കളാഴ്ച്ച മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രിംകോടതിയിൽ സമർപ്പിക്കും. മലിനീകരണ തോത് അതിതീവ്രമാകുന്നത് അയൽ സംസ്ഥാനങ്ങളിലെ വയലുകളിൽ വൈക്കോൽ കത്തിക്കുന്നതിനാലാണെന്ന റിപ്പോർട്ടും കോടതി പരിഗണിക്കുന്നുണ്ട്. ദ്വാരക, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ വായുമലിനീകരണം രേഖപ്പെടുത്തിയത്. മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ വിവിധ പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം തളിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here