ജപ്പാൻ കടലിൽ ആയുധ പരീക്ഷണം നടത്തിയതായി ഉത്തരകൊറിയ

ജപ്പാൻ കടലിൽ ആയുധ പരീക്ഷണം നടത്തിയതായി സ്ഥിരീകരിച്ച് ഉത്തരകൊറിയ. ഇന്നലെ ആയുധ പരീക്ഷണവുമായി ബന്ധപ്പെട്ട് ദക്ഷിണകൊറിയ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായാണ് ഉത്തരകൊറിയ പുതിയ റോക്കറ്റ് ലോഞ്ചർ പരീക്ഷണം സ്ഥിരീകരിച്ചത്. പുതിയ പരീക്ഷണത്തിലൂടെ ഒന്നിലധികം റോക്കറ്റുകൾ ഒരേസമയം വിക്ഷേപിക്കാനാകുമെന്ന് കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി അവകാശപ്പെട്ടു.

ഇന്നലെ ദക്ഷിണ കൊറിയയാണ് ഉത്തരകൊറിയ പുതിയ ആയുധങ്ങൾ പരീക്ഷിച്ചതായി ലോകത്തെ അറിയിച്ചത്. ആയുധശേഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജപ്പാൻ കടലിൽ ആയുധ പരീക്ഷണം നടത്തിയതെന്ന്ും ഉത്തരകൊറിയ പറഞ്ഞു.

ശത്രുപക്ഷത്തിനു നേരെ മിന്നലാക്രമണങ്ങൾ നടത്താനും ഇതിലൂടെ സാധിക്കുമെന്നാണ് വിവരം. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പരീക്ഷണത്തിന്റെ വിജയത്തിൽ സംതൃപ്തി പ്രകടിപ്പിച്ചതായും പുതിയ ആയുധം വികസിപ്പിച്ചെടുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചതായും വാർത്താ ഏജൻസി അറിയിച്ചു. പുതിയ റോക്കറ്റ് ലോഞ്ചറിന്റെ ചിത്രങ്ങളും ഉത്തരകൊറിയയിലെ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയുമായുള്ള ആണവ ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ഉത്തര കൊറിയയുടെ പുതിയ പരീക്ഷണങ്ങളെന്നത് ശ്രദ്ധേയമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top