ടി-10 ക്രിക്കറ്റ് ലീഗിൽ ഡൽഹി ബുൾസിന്റെ ബ്രാൻഡ് അംബാസിഡറായി സണ്ണി ലിയോണി

നവംബർ 14നാരംഭിക്കുന്ന ടി-10 ക്രിക്കറ്റ് ലീഗിൽ ഡൽഹി ബുൾസിൻ്റെ ബ്രാൻഡ് അംബാസിഡറായി സിനിമാതാരം സണ്ണി ലിയോണി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ ബെംഗാൾ ടൈഗേഴ്സ് എന്ന പേരിൽ കളിച്ചിരുന ടീമിനെ റീബ്രാൻഡ് ചെയ്താണ് ഡൽഹി ബുൾസ് എന്നാക്കി മാറ്റിയത്.

റീബ്രാൻഡ് ചെയ്ത ടീമിൻ്റെ ജേഴ്സി, ആന്തം എന്നിവക്കൊപ്പമാണ് ബ്രാൻഡ് അംബാസിഡറെക്കൂടി അവതരിപ്പിച്ചത്. ഡൽഹി ബുൾസിനൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷം അറിയിച്ച സണ്ണി ഇങ്ങനെ ഒരു അവസരം നൽകിയതിന് ക്ലബ് ഉടമകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

​ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനാണ് ടീമിനെ നയിക്കുക. ഷൊഐബ് മാലിക്ക്, മുഹമ്മദ് നബി, സഹീർ ഖാൻ, മുഹമ്മദ് ഹസ്നൈൻ തുടങ്ങി ഒട്ടേറെ മികച്ച താരങ്ങളും ടീമിലുണ്ട്.

ആകെ എട്ടു ടീമുകളാണ് പരസ്പരം പോരടിക്കുക. മറാത്ത അറേബ്യൻസിൻ്റെ ക്യാപ്റ്റനായി ഇത്തവണ യുവരാജ് സിംഗും ലീഗിൽ കളിക്കും. ഷാഹിദ് അഫ്രീദി, ആന്ദ്രെ റസ്സല്‍, കിറോണ്‍ പൊള്ളാര്‍ഡ്, ഷെയ്ന്‍ വാട്‌സന്‍, ലസിത് മലിംഗ തുടങ്ങി മികച്ച താരങ്ങളും ലീഗിലുണ്ട്. പ്രഥമ ടി-10 ലീഗില്‍ കേരള കിംഗ്സ് ചാംപ്യന്‍മാരായപ്പോള്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സിനായിരുന്നു കിരീടം. 10 ദിവസം ദൈർഘ്യമുള്ള ലീഗ് യുഎഇയിലെ സയ്ദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top